വിവാഹം കഴിഞ്ഞ് മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയ ജ്യോതി വരനോടും ബന്ധുക്കളോടും പറഞ്ഞു ‘കടക്കൂ പുറത്ത്’; ഇന്നോവയും 15ലക്ഷം രൂപയും ആവശ്യപ്പെട്ട വരനും ബന്ധുക്കളും ജയിലിലായതിങ്ങനെ…

 

സ്ത്രീധനം സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു പിശാചാണെന്ന് പറയാറുണ്ട്. ഇത്തരത്തിലുള്ള സ്ത്രീധന മോഹികള്‍ക്കെല്ലാം ഒരു മറുപടിയാണ് ജ്യോതി എന്ന യുവതി തന്റെ കല്യാണ മണ്ഡപത്തില്‍ വച്ച് നല്‍കിയത്. ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 17 ഞായറാഴ്ചയായിരുന്നു ജ്യോതിയുടെയും ബാംഗ്ലൂര്‍ സ്വദേശി ആശിഷിന്റെയും വിവാഹം നടന്നത്. മുറാദാബാദ് സ്വദേശിനിയായ ജ്യോതി എം,ടെക്ക് ഗോള്‍ഡ് മെഡലിസ്റ്റും മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ പ്രബേഷന്‍ എന്‍ജിനിയറുമാണ് , ആശിഷ് ആര്‍ക്കിടടെക്റ്റ് ആയി ബാംഗ്‌ളൂരില്‍ ജോലി ചെയ്യുന്നു.മാട്രി മോണി സൈറ്റ് വഴിയാണ് ഇവരുടെ വിവാഹം ഉറപ്പിച്ചത്.

മുറാദാബാദിലെ ദില്ലി റോഡിലുള്ള പാര്‍ക്ക് സ്‌ക്വയര്‍ ഹോട്ടലിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വരനുള്‍പ്പെടെയുള്ള എല്ലാ ബന്ധുക്കള്‍ക്കും അവിടെയായിരുന്നു ജ്യോതിയുടെ പിതാവ് താമസസൗകര്യം ബുക്ക് ചെയ്തത് .രാത്രിയില്‍ വിവാഹചടങ്ങുകളലെ ആദ്യപടിയായുള്ള മാലയിടില് കഴിഞ്ഞശേഷം’ സാത്‌ഫേര’ ( അഗ്‌നി കുണ്ഡം ഏഴുതവണ പ്രദക്ഷിണം വയ്ക്കല്‍) ചടങ്ങിനായുള്ള ഇടവേളയില്‍ മണ്ഡപത്തിനു പിന്നില്‍ ജ്യോതി തയ്യാറെടുക്കവേയാണ് മണ്ഡപത്തിനു മുന്നിലെ ഒച്ചയും ബഹളവും കേള്‍ക്കുന്നത്.ഇനി മുന്നോട്ടുള്ള ചടങ്ങുകള്‍ നടക്കണമെങ്കില്‍ ഇനോവ കാറും 15 ലക്ഷം രൂപയും കിട്ടണമെന്ന് വരനും മാതാപിതാക്കളും ശഠിച്ചു. സാവകാശം വേണമെന്നും അവസാനനിമിഷം ഇങ്ങനെ ചെയ്യരുതെന്നും ജ്യോതി യുടെ പിതാവ് കമല് സിംഗ് അപേക്ഷിച്ചു. അവര് കൂട്ടാക്കിയില്ല. ഒടുവില് ഭീഷണിയും ആക്രോശവുമായി ആശിഷിന്റെ പിതാവ് പലപ്പോഴും അക്രമാസക്തനായി.

തുടര്‍ന്ന് ജ്യോതി ആശിഷിനെ വിളിച്ചു സംസാരിച്ചു.” നമ്മള് രണ്ടും വിദ്യാസമ്പന്നരും നല്ല ജോലിയുള്ളവരുമാണ്. നമുക്ക് സ്വന്തമായി ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ കഴിയും. പിതാവിനെ ബുദ്ധിമുട്ടിക്കരുത്. എത്ര ത്യാഗം സഹിച്ചാണ് എന്നെ പഠിപ്പിച്ചത് , ഇപ്പോള്‍ ആഭരണങ്ങള്‍ക്കും വിവാഹത്തിനുമായി 20 ലക്ഷം വരെ ചിലവായി. എനിക്കിവിടെ ഷെയര്‍ ഉണ്ട് അത് കിട്ടും. പക്ഷേ സാവകാശം വേണം. വിവാഹം തീരുമാനിച്ചപ്പോള്‍ ഡിമാന്‍ഡ് ഒന്നും ഇല്ലെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ ഈ ചെയ്യുന്നത് ശരിയല്ല”. എന്നാല്‍ ആശിഷ് ഇത് ചെവിക്കൊണ്ടില്ല. ഇതിനിടക്ക് ജ്യോതിയുടെ പിതാവിനെ ആശിഷിന്റെ അച്ഛന്‍ പിടിച്ചു തള്ളുകയും ചെയ്തു.അദ്ദേഹം മറിഞ്ഞു വീണു നെറ്റിപൊട്ടി… വീണ്ടും ആക്രമിക്കാനാഞ്ഞ അയാളെ ആളുകള്‍ ചേര്‍ന്ന് പിടിച്ചുമാറ്റുകയായിരുന്നു.

ഇനി വിവാഹ ചടങ്ങുകള്‍ നടക്കണമെങ്കില്‍ ഞങ്ങളുടെ ഡിമാന്‍ഡ് അംഗീകരിക്കണം.. നാളെ തുകയും വാഹനവും കിട്ടിയിരിക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ ഇപ്പോള്‍ തന്നെ മടങ്ങും”. ആശിഷിന്റെ പിതാവ് ഭീഷണിയെന്നവണ്ണം എല്ലാവരോടുമായി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു..അതോടെ താഴെ വീണ പിതാവിനെ സാന്ത്വനിപ്പിച്ച് അടുത്തിരുന്ന ജ്യോതിയുടെ സര്‍വ്വ നിയന്ത്രണങ്ങളും അറ്റുപോയി , ചാടിയെണീറ്റ ജ്യോതി ആശിഷിനോടും മാതാപിതാക്കളോടുമായി ഉച്ചത്തില്‍ തന്നെ ‘ GET OUT ‘ എന്ന് ആജ്ഞാപിക്കുകയായിരുന്നു.മാത്രവുമല്ല ആശിഷ് ജ്യോതിയുടെ കഴുത്തില്‍ അണിയിച്ച പൂമാല വലിച്ചു പൊട്ടിച്ചു ആശിഷിന്റെ മുഖത്തെറിഞ്ഞശേഷം വീണ്ടും ആവര്‍ത്തിച്ചു ‘ YOU GET OUT ‘

വധുവിന്റെ അപ്രതീക്ഷിതവും രൂക്ഷവുമായ പ്രതികരണം ക്ഷണിതാക്കളെല്ലാം സ്തബ്ധരാക്കി. ഇനിയവിടം പന്തിയല്ലെന്ന് മനസ്സിലാക്കിയ വരനും പാര്‍ട്ടിയും ഉടര്‍ സ്ഥലം വിട്ടു. ജ്യോതിയുടെ ധീരമായ നടപടിയെ അഥിതികളും നാട്ടുകാരും മുക്തകണ്ഠം പ്രശംസിച്ചു. പിന്തുണയും അഭിനന്ദനങ്ങളുമായി സഹപാഠികളും സുഹൃത്തുക്കളും അദ്ധ്യാപകരും നാട്ടുകാരും ഒന്നടങ്കം നിലകൊണ്ടു. സ്ത്രീധന നിരോധന നിയമപ്രകാരം ജ്യോതി നല്കിയ പരാതിയില് കേസെടുത്തു വരനെയും മാതാപിതാക്കളെയും അറസ്റ്റുചെയ്ത് ജയിലിലാക്കി.

തനിക്കു മറ്റു നിവൃത്തിയില്ലായിരുന്നുവെന്ന് ജ്യോതി പറയുന്നു. ഇത്രയൊക്കെ പഠിച്ചു ജോലിയുണ്ടായിട്ടും ഇതാണ് അവസ്ഥയെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി എന്തായിരിക്കുമെന്നും അവര് ചോദിക്കുന്നു. തന്റെ വിവാഹം മുടങ്ങുകയല്ല മറിച്ച് സ്ത്രീത്വത്തിനു വിലയും ,മാന്യതയും കല്പിക്കാത്ത ധനമോഹികളില്‍നിന്നും രക്ഷപ്പെടുകയാണുണ്ടായതെന്നും അവര്‍ പറയുന്നു.തന്നെ പൂര്‍ണ്ണമായി മനസ്സിലാക്കി സ്‌നേഹിക്കാനറിയുന്ന ഒരു പുരുഷന്‍ എന്നെങ്കിലും എന്നേത്തേടി വരുമെന്നും അന്നുമാത്രമേ താനിനി വിവാഹം കഴിക്കുകയുള്ളുവെന്നും ജ്യോതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍ ജ്യോതിയെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്.

 

 

Related posts