മുഹൂര്‍ത്ത സമയത്ത് തലപ്പാടിയില്‍ പാസ് കാത്ത് വധു ! ഒടുവില്‍ താലികെട്ട് നടത്തിയത് സന്ധ്യയ്ക്ക്; പിന്നീട് വധൂവരന്മാരെ നേരെ കൊണ്ടുപോയത് ക്വാറന്റൈനിലിലേക്ക്…

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ നിര്‍ബന്ധമായും പാസെടുക്കണമെന്ന നിയമം വന്നതിനാല്‍ തിങ്കളാഴ്ച രാവിലെ പതിനൊന്നിനും പന്ത്രണ്ടിനും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നടക്കേണ്ടുന്ന വിവാഹം നടന്നത് വൈകിട്ട് ആറരയോടെ.

പി.എന്‍. പുഷ്പരാജന്‍ എന്ന കാസര്‍കോടുകാരനും മംഗളൂരു സ്വദേശിനിയായ കെ.വിമലയും തമ്മിലുള്ള വിവാഹമാണ് പാസ് കിട്ടാന്‍ കാലതാമസം നേരിട്ടതു മൂലം വൈകിയത്.

മംഗളൂരുവില്‍നിന്ന് എത്തേണ്ടിയിരുന്ന വിമല തലപ്പാടി ചെക്ക്പോസ്റ്റില്‍ കുടുങ്ങിയതാണ് വിവാഹം വൈകാന്‍ കാരണമായത്.

രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് നാലു മണി വരെയാണ് വിമല ചെക്ക്പോസ്റ്റില്‍ കുടുങ്ങിയത്. ബദിയഡുക്കയിലെ, പുഷ്പരാജന്റെ വീടിനു സമീപത്തെ ക്ഷേത്രത്തിലായിരുന്നു വിവാഹം നടക്കാനിരുന്നത്.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ വിമലയും അമ്മയും മാത്രം വിവാഹത്തിന് കാസര്‍കോട്ടേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ പാസിന് അപേക്ഷിച്ചു. വേറെ മാര്‍ഗങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ മെഡിക്കല്‍ എമര്‍ജന്‍സി എന്ന കാരണം കാണിച്ചാണ് വിമല പാസിന് അപേക്ഷിച്ചത്.

ചില പ്രാദേശിക ജനപ്രതിനിധികളുടെ നിര്‍ദേശപ്രകാരമാണ് വിമലയും അമ്മയും നടപടിക്രമങ്ങള്‍ പിന്തുടര്‍ന്നതെന്ന് പുഷ്പരാജന്റെ സഹോദരന്‍ പവിത്രന്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ വിമലയും അമ്മയും കേരള-കര്‍ണാടക അതിര്‍ത്തിയിലെത്തി.

സാധുവായ പാസ് അല്ലാത്തതിനാല്‍ കേരളത്തിലേക്ക് പ്രവേശിക്കാന്‍ ഇരുവര്‍ക്കും ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് ഇവര്‍ ജില്ലാ അധികൃതരുമായി ബന്ധപ്പെട്ടതോടെ സ്പോട്ട് പാസ് അനുവദിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.

ഒടുവില്‍ വൈകുന്നേരം നാലു മണിയോടെയാണ് ഇരുവര്‍ക്കും പാസ് ലഭിച്ചതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടര്‍ന്ന്, രാവിലെ മുതല്‍ വിമലയെയും അമ്മയെയും കാത്ത് അതിര്‍ത്തിയില്‍ നില്‍ക്കുകയായിരുന്ന പുഷ്പരാജന്‍ ഇരുവരെയും മുള്ളേരിയയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

വൈകുന്നേരം ആറരയോടെ വീട്ടില്‍വെച്ച് പുഷ്പരാജന്‍ വിമലയെ താലിചാര്‍ത്തി. വിമലയും അമ്മയും പുഷ്പരാജന്റെ വീട്ടില്‍ 14 ദിവസത്തെ ഹോം ക്വാറന്റീനില്‍ കഴിയുകയാണ് ഇപ്പോള്‍.

അതേസമയം, പുതിയ പാസിനു വേണ്ടിയുള്ള സ്പോട്ട് ആപ്ലിക്കേഷന്‍ പതിനൊന്നു മണിയോടെയാണ് സമര്‍പ്പിക്കപ്പെട്ടതെന്ന് കാസര്‍കോട് കളക്ടര്‍ ഡി.സജിത്ബാബു പ്രതികരിച്ചു.

പുതിയ പാസ് എത്രയും വേഗം അനുവദിക്കാന്‍ എല്ലാ വിധത്തിലുള്ള സഹകരണവും ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരില്‍നിന്നുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment