ആലപ്പുഴ: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. സംഭവത്തിൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലെജനത്ത് വാർഡിൽ താമസിക്കുന്ന 22 വയസുകാരി ആസിയയാണ് മരിച്ചത്. മരണകാരണം എന്താണെന്നതിൽ വ്യക്തത വന്നിട്ടില്ല. ഞായറാഴ്ച രാത്രിയാണ് ഭർതൃവീട്ടിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ യുവതിയെ കണ്ടെത്തുന്നത്. ഉടൻ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാല് മാസം മുൻപാണ് കായംകുളം സ്വദേശിയായ പെൺകുട്ടി ആഴപ്പുഴ സ്വദേശി മുനീറുമായി വിവാഹിതയാവുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.
ഡെന്റൽ ടെക്നീഷ്യനായി മൂവാറ്റുപുഴയിൽ ജോലി ചെയ്ത് വരികയായിരുന്നു യുവതി. അവധി ദിവസങ്ങളിൽ മാത്രമാണ് യുവതി ഭർതൃവീട്ടിൽ വന്നുപോയിരുന്നത്.
ഞായറാഴ്ച വൈകുന്നേരം ഭർത്താവും വീട്ടുകാരും പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തുന്നത്. സംഭവത്തിൽ യുവതിയുടെ ബന്ധുക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും മൊഴി പൊലീസ് എടുക്കും.