തളിപ്പറമ്പ്: വിവാഹം കഴിഞ്ഞെങ്കിലും വരന്റെ വീട്ടിൽ കയറില്ലെന്ന് വധുവിന്റെ പിടിവാശി. ഒടുവിൽ സംഭവം പോലീസ് സ്റ്റേഷനിലെത്തിയതോടെ വധുവിന്റെ ബന്ധുക്കളും വരന്റെ വീട്ടുകാരും വധുവിനെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. സ്റ്റേഷനിൽ ഒറ്റപ്പെട്ട യുവതിയെ പോലീസ് അമ്മാവനെ വിളിച്ചു വരുത്തി കൂടെ വിട്ടു. പയ്യന്നൂരിനടുത്ത പ്രദേശത്തെ യുവതിയെ വിവാഹം ചെയ്യാൻ വേണ്ടി മാത്രമാണ് വിദേശത്ത് ജോലി ചെയ്യുന്ന തളിപ്പറന്പിനടുത്ത സ്ഥലത്തെ യുവാവ് നാട്ടിലെത്തിയത്.
ഇന്നലെ പയ്യന്നൂരിൽ വെച്ച് വിവാഹം കഴിഞ്ഞ് തിരികെ വരന്റെ വീട്ടിലേക്ക് വരുന്നതിനിടയിലാണ് മെസഞ്ചറിൽ യുവാവിന്റെ ഫോണിലേക്ക് വധുവിന്റെ കാമുകന്റെ മെസേജ് വന്നത്. ഫോട്ടോകൾ ഉൾപ്പെടെയുള്ള ഈ മെസേജ് കണ്ട വരൻ ഇതേപ്പറ്റി അന്വേഷിച്ചു.
വരന്റെ വീട്ടിലെത്തിയ യുവതി എനിക്ക് ഇവിടെ നിൽക്കാനാവില്ലെന്നും തിരിച്ചു പോകണമെന്നും പറഞ്ഞ് ബഹളം വെച്ചു. അച്ഛനും അമ്മയും ഉൾപ്പെടെയുള്ള ബന്ധുക്കൾ പറഞ്ഞതൊന്നും നവവധു കേട്ടില്ല. ഒടുവിൽ പ്രശ്നം പോലീസ് സ്റ്റേഷനിലെത്തി. എസ് ഐ പെൺകുട്ടിയുമായി സംസാരിച്ചുവെങ്കിലും കാമുകന്റെ കൂടെ പോകണമെന്ന നിലപാടിലായിരുന്നു യുവതി. ഇതോടെ താലിയും മാലയും ഉൾപ്പെടെ തിരിച്ചു വേണമെന്നായി വരന്റെ വീട്ടുകാർ.
സ്റ്റേഷനിൽ വെച്ചു തന്നെ വധു താലിമാല ഊരി നൽകി.കടം വാങ്ങിയാണ് വിവാഹം നടത്തിച്ചതെന്നും പൊതുജനമധ്യത്തിൽ തങ്ങളെ അപമാനിച്ച മകളെ ഇനി വേണ്ടെന്നും പറഞ്ഞ് അച്ഛനമ്മമാരും ബന്ധുക്കളും വധുവിനെ സ്റ്റേഷനിൽ ഉപേക്ഷിച്ച് സ്ഥലം വിട്ടു.
വരന്റെ പാർട്ടിക്കാരും പോയതോടെ സ്റ്റേഷനിൽ ഒറ്റപ്പെട്ട യുവതിയെ അമ്മാവനെ വിളിച്ചു വരുത്തിയാണ് പോലീസ് പറഞ്ഞു വിട്ടത്. കാമുകനോടും വധൂവരൻമാരുടെ ബന്ധുക്കളോടും ഇന്ന് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.