കല്യാണം കഴിക്കുക തൊട്ടുപിന്നാലെ ഭര്‍ത്താവിനെ വേണ്ടെന്നുപറയുക. സിനിമയിലും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റും കണ്ടുവന്നിട്ടുള്ള കാര്യങ്ങള്‍. എന്നാല്‍ അത്തരമൊരു സംഭവം ഇങ്ങ് കൊച്ചുകേരളത്തിലും നടന്നു. ഭരണിക്കാവിലായിരുന്നു നാട്ടുകാരെ ഞെട്ടിച്ച സംഭവം. വരന് പ്രായം കൂടുതലാണെന്ന് പറഞ്ഞ് വിവാഹത്തിന് പിന്നാലെ പെണ്‍കുട്ടി മണ്ഡപത്തില്‍ തന്നെ ഭര്‍ത്താവുമായി പിരിയാന്‍ തീരുമാനിച്ചു.
ഭരണിക്കാവ് സ്വദേശിനിയായ 18കാരിയാണ് വിവാഹത്തിന് പിന്നാലെ പിന്മാറുന്നതായി അറിയിച്ചത്. വിവാഹത്തിനെത്തിയവരെ അമ്പരപ്പിക്കുന്ന തീരുമാനമെടുത്ത ശേഷം തന്നെ സുരക്ഷിതമായി ഹോസ്റ്റലില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. നിര്‍ധന കുടുംബത്തിലുള്ളതാണ് പെണ്‍കുട്ടി. അമ്മാവന്റെ സഹായത്തോടെയാണ് വിവാഹത്തില്‍ നിന്ന് പിന്മാറ്റം. പോലീസിന്റെ സഹായം തേടുകയായിരുന്നു ഇവര്‍. വിവാഹ സമയത്താണ് വരനെ ആദ്യമായി കാണുന്നതെന്നും തന്റെ അഭിപ്രായം ചോദിക്കാതെയുള്ള വിവാഹമാണെന്നും പോലീസിനോട് പറയുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം.
എസ്‌ഐയുടെ നേതൃത്വത്തില്‍ വരന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചു. 30 വയസെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പ്രായം 40ല്‍ കുറയില്ലെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. വിവാഹത്തില്‍ നിന്ന് പിന്മാറുന്ന തന്നെ സുരക്ഷിതമായി ഹോസ്റ്റലില്‍ എത്തിക്കണമെന്നും പോലീസിനോട് പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഒടുവില്‍ പോലീസ് പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ എത്തിച്ചു. ബന്ധുക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും നവവധു വഴങ്ങിയില്ല.സംഭവത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തമ്മില്‍ കശപിശയുണ്ടായി.