ഒരു ആഡംബര വിവാഹത്തിന്റെ ചർച്ചകളാണ് ചൈനയിലെ സമൂഹ മാധ്യമങ്ങളിൽ ചൂട് പിടിക്കുന്നത്. കണക്കുകൾ പറയുന്നതനുസരിച്ച് വിവാഹ ചെലവ് ഒന്നും രണ്ടുമല്ല 249 കോടി ഇന്ത്യൻ രൂപയാണ്. 100 സ്വർണവളകൾ അണിഞ്ഞാണ് കൊട്ടാര തുല്യമായ മണ്ഡപത്തിൽ വധു എത്തിയത്. തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ പുട്ടിയനിൽ ഫെബ്രുവരി ആദ്യം നടന്ന ഈ വിവാഹം ‘യേ കുടുംബത്തിന്റെ വിവാഹ സത്കാരം’ (Ye Family’s Wedding Feast) എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.
ഈ അത്യാഡംബര വിവാഹാഘോഷം വരന്റെ കുടുംബത്തിന്റെ തന്നെ ആഡംബര കൊട്ടാരമായ ‘മാർബിൾ ഹൗസി’ൽ വച്ചാണ് നടന്നാണ്. ചൈനീസ് സമൂഹ മാധ്യമങ്ങളിൽ ചൈനീസ് പരമ്പരാഗത ശൈലിയിൽ നടന്ന വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വൈറലാണ്. 100 ഓളം സ്വർണ്ണ വളകൾ കൊണ്ട് അലങ്കരിച്ച മാല ധരിച്ചാണ് വധു വിവാഹ വേദിയിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോയിൽ മാലയുടെ ഭാരത്താൽ വധു നടക്കാൻ ബുദ്ധിമുട്ടുന്നത് കാണാം.
ചൈനയിലെ പുരാത നൃത്ത രൂപങ്ങള്‍ ആഘോഷത്തില്‍ അവതരിപ്പിക്കപ്പെട്ടു. വിരുന്നിലെ അതിഥികൾക്ക് ഞണ്ട്, ലോബ്സ്റ്റർ, സ്രാവ്, ഫിൻ സൂപ്പ്, ഭക്ഷ്യയോഗ്യമായ പക്ഷികളുടെ വിഭവങ്ങൾ, ഓസ്ട്രേലിയൻ അബലോൺ തുടങ്ങിയ വിലയേറിയ ഭക്ഷണ വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. ഇതോടൊപ്പം ഉയർന്ന നിലവാരമുള്ള ചൈനീസ് മദ്യമായ ക്വെയ്ചോ മൗട്ടായിയും അതിഥികൾക്കായി വിളമ്പിയിരുന്നു. 1.5 മില്യൺ യുവാൻ ആണ് ഇതിന്റെ വില, അതായത് ഇന്ത്യൻ രൂപയിൽ 1.7 കോടിയിലധികം.
ചൈനയിലെ പ്രമുഖ സ്വർണാഭരണ വ്യാപാര ശൃംഖലയായ ലാവോ ഫെങ് സിയാങ്ങിന്റെ ചെയർമാൻ യെ ഗൊച്ചൂണിന്റെ മകന് യെ ഡിംഗ്ഫെങ് ആണ് വരൻ. കമ്പനിയുടെ വടക്കൻ പ്രവിശ്യയിൽ ജോലി ചെയ്യുന്ന ഒരു മാനേജരുടെ മകളായ യാങ് ഹാനിങ്ങ് ആണ് വധു.