അഗ്ര: വിവാഹ ചടങ്ങിനിടയിൽ മ്യൂസിക് ബാൻഡ് പാടിയ പാട്ടിനെ തുടർന്നുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. വധുവിന്റെ പിതാവിനെയാണ് ബന്ധുക്കൾ ചേർന്ന് തല്ലിക്കൊന്നത്. തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം. സഹോദരി ഭർത്താവും മറ്റ് ചിലരും ചേർന്നാണ് രാം ബരാൻ സിംഗിനെ(57) ഇരുമ്പ് വടികളും കല്ലുകളും ഉപയോഗിച്ച് തല്ലിക്കൊന്നത്.
സംഭവത്തിൽ രാമിന്റെ സഹോദരന്റെ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഞായറാഴ്ചയായിരുന്നു രാം ബരാൻ സിംഗിന്റെ മകൾ മധുവിന്റെ വിവാഹം. വിവാഹ ശേഷം തിങ്കളാഴ്ച രാവിലെ മകളെ ഭർതൃഗൃഹത്തിലേക്ക് അയയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാർ. ഈ സമയത്താണ് രാമിന്റെ സഹോദരി ഭർത്താവ് രാജു സിംഗ് അയാളുടെ മകനും മരുമക്കളുമായി എത്തി രാമിനെ ആക്രമിച്ചത്. രാമിനെ രക്ഷിക്കാൻ ശ്രമിച്ചവരേയും സംഘം ആക്രമിച്ചിരുന്നു.
ബാൻഡ് സംഘം വിവാഹ ചടങ്ങിൽ പാടിയ ഒരു പാട്ടിനെ ചൊല്ലിയാണ് രാജു തർക്കം ആരംഭിച്ചത്. എന്നാൽ ഈ വാക്കേറ്റം മറ്റ് ബന്ധുക്കൾ ചേർന്ന് പരിഹരിച്ചിരുന്നു. ശേഷം രാജു വിവാഹവേദി വിട്ട് പോയി. പിന്നാലെ മകനും മരുമക്കളുമായെത്തി രാമിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ രാജു, മകൻ സുനിൽ മരുമക്കളായ സച്ചിൻ, പുഷ്പേന്ദ്ര, രഞ്ജിത്, വിജയ് എന്നിവരെയാണ് പോലീസ് തിരയുന്നത്.