പാലം വന്നിട്ടും ദുരിതം തീരാതെ… ഗതാഗതത്തിന് തുറന്ന് കൊടുത്ത പാലത്തിലൂടെ ബസ് സര്‍വീസ് ഇല്ല

ekm-palam-lആലങ്ങാട്: തടിക്കക്കടവ്–അടുവാശേരി പാലം ഗതാഗതത്തിന് തുറന്നു കൊടുത്തിട്ട് ഏറെ നാളായെങ്കിലും മതിയായ ബസ് സര്‍വീസുകള്‍ ഇല്ലാത്തതും വഴിവിളക്കുകള്‍ സ്ഥാപിക്കാത്തതും ജനങ്ങളെ ദുരിതത്തിലാക്കുന്നു. ആലുവയില്‍നിന്നു തടിക്കടവു വരെയുള്ള കെഎസ്ആര്‍ടിസി ബസുകള്‍ അടുവാശേരി വരെ നീട്ടണമെന്ന് യാത്രക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തടിക്കക്കടവ് പാലം വഴി മാള, പുത്തന്‍വേലിക്കര എന്നിവിടങ്ങളിലേക്ക് ബസ് സര്‍വീസുകള്‍ തുടങ്ങിയാല്‍ കരുമാല്ലൂര്‍, ചെങ്ങമനാട് പഞ്ചായത്തു പ്രദേശങ്ങളിലുള്ള യാത്രക്കാര്‍ക്കു കൂടുതല്‍ പ്രയോജനകരമാകും.

ഏലൂര്‍–മേത്താനം, മേത്താനം–ചിറയം പാലങ്ങള്‍ ഗതാഗത യോഗ്യമായതോടെ എറണാകുളം ഭാഗത്തുനിന്നും കൂടുതല്‍ യാത്രക്കാര്‍ ഇതുവഴി എത്തുന്നുണ്ട്. തടിക്കക്കടവ് പാലം വഴി ദീര്‍ഘദൂരസര്‍വീസുകള്‍ നിലവില്‍ വന്നാല്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും. ആലുവയില്‍ നിന്നുള്ള തണ്ടിരിക്കല്‍, വെളിയത്തുനാട് സര്‍വീസുകള്‍ അടുവാശേരി വരെ ദീര്‍ഘിപ്പിക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്കു കൂടുതല്‍ ലാഭകരവുമാകും.

രാത്രികാലങ്ങളില്‍ ഇരുചക്രവാഹനങ്ങളും കാറുകളും മറ്റുമായി ആളുകള്‍ പാലത്തില്‍ തമ്പടിക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്. പാലത്തിന് അടിഭാഗത്തും പാലത്തിലും രാത്രി കാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ ശല്യവും ഉണ്ട്. അടിയന്തരമായി ഇവിടെ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

Related posts