വൈപ്പിൻ: വൈപ്പിൻ സംസ്ഥാന പാതയിൽ പുനനിർമിച്ച ഏഴു പാലങ്ങളുടെ അശാസ്ത്രീയമായ അപ്രോച്ച് റോഡ് വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും കൊലക്കെണിയാകുന്നു. പാലത്തിന്റെ ഉയരവും അപ്രോച്ച് റോഡിന്റെ സ്ലോപ്പും തമ്മിലുള്ള അനുപാതത്തിൽ ശാസ്ത്രീയമായ പിഴവുകൾ ഉണ്ടെന്നാണ് സാങ്കേതിക പരിജ്ഞാനമുള്ളവർ പറയുന്നത്. ഇതുമൂലം പാലംകയറി വരുന്ന വാഹനങ്ങൾ സുരക്ഷിത അകലത്തിൽ വച്ച് പരസ്പരം കാണാൻ കഴിയാതെ വരുന്നത് അപകടങ്ങൾ വിളിച്ചു വരുത്തുന്നു.
പള്ളിപ്പുറം കോണ്വെന്റ്, കരുത്തല, കുഴുപ്പിള്ളി അയ്യന്പിള്ളി, എടവനക്കാട് ചാത്തങ്ങാട്, അണിയൽ, നായരന്പലം, മാനാട്ട് പറന്പ് എന്നീ പാലങ്ങളാണ് കൊലക്കെണിയുമായി കാത്തിരിക്കുന്നത്. എസ്റ്റിമേറ്റ് തുക ലാഭിക്കാനും ചില സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളും വീട്ടുപടികളും സംരക്ഷിക്കാനുമായി സ്വാധീനങ്ങൾക്ക് വഴിപ്പെട്ടാണ് അധികൃതർ പാലം നിർമാണത്തിനു ഈ അശാസ്ത്രീയ നടപടികൾക്ക് വഴിപ്പെട്ടതെന്നാണ് ഇപ്പോഴത്തെ ആരോപണം.
ഏറ്റവും ഭീകരാവസ്ഥയുള്ളത് നായരന്പലം മാനാട്ട് പറന്പ് പാലത്തിന്റെ അപ്രോച്ചുകളിലാണ്. രണ്ട് അപ്രോച്ചുകൾ ആരംഭിക്കുന്നതിനു മുന്നിലായി ചെറിയ വളവ് ഉള്ളതാണ് ഇതിനു കാരണം. ഇടുങ്ങിയ റോഡും ഇവിടെ അപകട സാധ്യത ഇരട്ടിയാക്കുന്നു.
ഈ പാലത്തിൽ സ്ലാബിന്റെ മേൽഭാഗം ലെവലല്ല. ഇരുചക്രവാഹനങ്ങൾ അപ്രോച്ച് കയറി വന്ന് ചെറിയൊരു ചാട്ടത്തോടെ പാലത്തിൽ പ്രവേശിക്കുന്പോൾ തന്നെ ലെവലല്ലാത്ത സ്ലാബിൽ തെന്നുന്നത് നിത്യസംഭവമാണ്.
ഈ അടുത്തകാലത്തായി രണ്ട് അപകടമരണങ്ങൾ മാനാട്ട് പറന്പ് പാലത്തിന്റെ തെക്കേ അപ്രോച്ച് റോഡിൽ നടന്നു. ഏറ്റവും അവസാനത്തേത് കഴിഞ്ഞ ശനിയാഴ്ച കാളമുക്ക് സ്വദേശിയായ ഫ്രാൻസീസ് എന്ന യുവാവ് മരിച്ചതാണ്.
വടക്ക് വശത്തെ അപ്രോച്ച് റോഡ് വഴി പാലം കയറി വന്ന ഇയാൾ എതിർവശത്തുനിന്നു വരുന്ന ബസിൽ വന്നിടിക്കുകയായിരുന്നു. ബസ് ഡ്രൈവറുടെ ശ്രദ്ധയിൽ ബൈക്ക് പെട്ടതുമില്ല.
അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ മാനാട്ട് പറന്പ് പാലത്തിന്റെ അപ്രോച്ച് എത്തുന്നതിനു മുന്പായി അപകടമേഖലയെന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം പൊതുമരാമത്ത് ഇതുവരെ നിറവേറ്റിയിട്ടില്ല. പാലം പണി പൂർത്തിയായതിനുശേഷം ചെറായി കരുത്തല പാലത്തിന്റെ അപ്രോച്ചിൽ രണ്ട് ജീവനുകൾ പൊലിഞ്ഞു.
രണ്ട് മാസങ്ങൾക്ക് മുന്പ് സ്വകാര്യ ബസ് ഡ്രൈവറായിരുന്ന നൗഫൽ എന്ന യുവാവ് ഇരുചക്രവാഹനത്തിൽ ചാത്തങ്ങാട് പാലത്തിന്റെ തെക്കേ അപ്രോച്ചിലേക്ക് ഇറങ്ങി വരുന്നുതിനിടിയിൽ എതിരേവന്ന കെഎസ്ആർടിസി ബസിടിച്ച് മരിക്കാനിടയായ സംഭവവും അപ്രോച്ചിന്റെ സ്ലോപ്പിലുള്ള അശാസ്ത്രീയത തന്നെയാണ്.ചെറായി ബീച്ചിലേക്കുള്ള പാലവും ഇതേ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ഇവിടെയും പലപ്പോഴും അപകടം സംഭവിക്കുന്നുണ്ട്.