കനത്ത മഴയെ തുടർന്ന് നിറഞ്ഞു കവിഞ്ഞൊഴുകുന്ന നദിക്കു കുറുകെ നിർമിച്ച പാലത്തിൽ ഗ്രാമവാസികളെ മറുകരെ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ പാലം തകർന്നു വീഴുന്ന പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. അപകടത്തിൽ നിന്നും ഒരു യുവതി കഷ്ടിച്ചാണ് രക്ഷപെട്ടത്.
ചൈനയിലെ വെൻക്വിയോയിലാണ് സംഭവം നടന്നത്. താത്കാലികമായി നിർമിച്ച പാലത്തിൽ കൂടിയായിരുന്നു ഗ്രാമവാസികളെ മറുവശത്ത് എത്തിച്ചുകൊണ്ടിരുന്നത്. അവസാനം വന്ന യുവതി പാലത്തിൽ കൂടി വരുന്പോൾ പാലം തകരാൻ ആരംഭിക്കുകയായിരുന്നു. സമീപം നിന്നവർ ഇതു കണ്ടതിനെ തുടർന്ന് യുവതിയോട് വേഗം വരാൻ ആവശ്യപ്പെട്ടു. ഇവർ ഓടിവന്ന് കരയിൽ കയറുകയും പാലം പൂർണമായും തകർന്നു വീഴുകയുമായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ ജൂലൈയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ഇവിടെയുണ്ടായിരുന്ന പാലം തകർന്നു പോയിരുന്നു. ഇതിനെ തുടർന്നാണ് ഗ്രാമവാസികൾക്കായി താത്കാലികമായ ഈ പാലം നിർമിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെയുണ്ടായിക്കൊണ്ടിരിക്കുന്ന മഴയെ തുടർന്ന് നദിയിലെ വെള്ളം ഉയരുകയും പാലം തകരുകയുമായിരുന്നു.