യൂറോപ്യൻ രാജ്യമായ പോർച്ചുഗലിന്റെ വടക്കുഭാഗത്തായി രണ്ട് ഗ്രാമങ്ങളെ ബന്ധിപ്പിച്ച് നിർമിച്ചിട്ടുള്ള ഒരു പാലമുണ്ട്. കാടുകളാൽ മൂടപ്പെട്ട രണ്ടു മലനിരകൾക്കിടയിൽ റബഗാവോ നദിക്ക് കുറുകെയുള്ള ഈ പാലത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. ഈ പാലത്തിന്റെ നിർമാണത്തെപ്പറ്റി ഈ പ്രദേശവാസികളുടെ ഇടയിൽ പേടിപ്പിക്കുന്ന ഒരു കഥ പ്രചാരത്തിലുണ്ട്.
ആ കഥ ഇങ്ങനെയാണ്. ഇവിടത്തെ മലനിരയിൽ താമസിച്ചിരുന്ന ആളുകളെ കൊള്ളയടിച്ച് കഴിഞ്ഞിരുന്ന ഒരു മോഷ്ടാവുണ്ടായിരുന്നു. ഒരിക്കൽ ഇയാളെ നാട്ടുകാരെല്ലാവരുകൂടി പിടികൂടി. എന്നാൽ അവരുടെ ഇടയിൽനിന്ന് രക്ഷപ്പെട്ട് ഓടിയ ആ മോഷ്ടാവ് റബഗാവോ നദിയുടെ തീരത്തെത്തി. ഈ നദി കടക്കാതെ തനിക്ക് രക്ഷയില്ലെന്ന് മോഷ്ടാവിന് മനസിലായി.
ഈശ്വരനിൽ വിശ്വാസമില്ലതിരുന്ന ആ കള്ളൻ പിശാചിനെ വിളിച്ചാണ് പ്രാർഥിച്ചത്. ഉടൻ തന്നെ കള്ളന്റെ മുന്പിൽ പ്രത്യക്ഷപ്പെട്ട പിശാച് അവന് എന്താണ് വേണ്ടതെന്ന് ചോദിച്ചു. നദി കടക്കാൻ ഒരു പാലം പണിതുതരണമെന്ന് കള്ളൻ ആവശ്യപ്പെട്ടു. പാലം പണിതുകൊടുത്ത പിശാച് പക്ഷെ പാലം കടക്കുന്പോൾ തിരിഞ്ഞു നോക്കാൻ പാടില്ലെന്ന് കള്ളനോട് പറഞ്ഞു.
പിശാച് പറഞ്ഞതുപോലെ കള്ളൻ പാലം കടന്നു. കള്ളൻ പാലം കടന്നതോടെ പിശാച് പണിത പാലം അപ്രത്യക്ഷമായി. ഇതിനുള്ള പ്രത്യുപകാരമായി മരിക്കുന്പോൾ തന്റെ ആത്മാവിനെ പിശാചിന് നൽകാമെന്ന് കള്ളൻ പറഞ്ഞു. നാളുകൾ കടന്നു പോയി. തന്റെ അവസാന നാളുകളിൽ കള്ളന് മാനസാന്തരമുണ്ടായി. തന്റെ ആത്മാവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കള്ളൻ ഒരു പുരോഹിതന്റെ അടുത്തെത്തി.
കള്ളന്റെ കഥ കേട്ട പുരോഹിതൻ അയാളെ രക്ഷിക്കാനായി ആ പാലമുണ്ടായ സ്ഥലത്തുചെന്നു. എന്നിട്ട് കള്ളൻ പ്രാർഥിച്ചതുപോലെ പ്രാർഥിച്ച് പിശാചിനെ വരുത്തി. പുരോഹിതന് നദി കടക്കുന്നതിനായി പിശാച് പാലം ഉണ്ടാക്കി. അപ്പോൾ പുരോഹിതൻ തന്റെ കൈയിലിരുന്ന വിശുദ്ധ വെള്ളം തളിച്ച് പിശാചിനെ നശിപ്പിച്ചു. അങ്ങനെയാണത്രെ ഈ പാലം ഉണ്ടായത്. ഈ നാട്ടിലുള്ളവർ ഇപ്പോഴും ഈ പാലം കടക്കുന്പോൾ തിരിഞ്ഞു നോക്കാറില്ല.
കല്ലുകൊണ്ടുള്ള ഈ പാലത്തിന് മറ്റു ചില പ്രത്യേകതകളും കൽപ്പിച്ചു കിട്ടിയിട്ടുണ്ട്. മക്കളില്ലാത്ത ദന്പതികൾ ഈ പാലത്തിൽനിന്ന് പ്രാർഥിച്ചാൽ അവർക്ക് മക്കളെ ലഭിക്കുമെന്ന ഒരു വിശ്വാസം പ്രദേശവാസികൾക്കിടയിലുണ്ട്.