പട്ന: ബിഹാറിൽ 11 ദിവസത്തിനിടെ അഞ്ചുപാലങ്ങൾ തകർന്നതോടെ സർക്കാർ അന്വേഷണത്തിനു ഉത്തരവിട്ടു. മധുബനി ജില്ലയിലെ ജഞ്ജർപുരിൽ നിർമാണത്തിലിരുന്ന പാലമാണ് അവസാനമായി തകർന്നത്.
77 മീറ്റർ നീളമുള്ള പാലത്തിന്റെ രണ്ടു തൂണുകൾക്കിടയിലുള്ള ഗർഡറിന്റെ ഒരു ഭാഗമാണ് തകർന്നത്. മൂന്നുകോടി രൂപ ചെലവിൽ പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി പ്രകാരം നിർമിക്കുന്ന പാലമാണിത്.
ഈ മാസം 18ന് അരാരിയയിൽ ബക്ര നദിക്കു കുറുകെ 12 കോടി രൂപ ചെലവിൽ നിർമിച്ച പാലം തകർന്നിരുന്നു. 22ന് സിവാനിലെ ഗണ്ഡക് നദിക്കു കുറുകെയുള്ള ഒരു പാലം തകർന്നു.
23ന് കിഴക്കൻ ചമ്പാരനിൽ ഒന്നര കോടിയോളം രൂപ ചെലവിൽ നിർമിക്കുന്ന പാലവും 27ന് കിഷൻഗഞ്ചിലെ കങ്കായി, മഹാനന്ദ നദികളെ ബന്ധിപ്പിക്കുന്ന പാലവും തകർന്നു വീണു.
നിലവാരമില്ലാത്ത വസ്തുക്കളാണ് പാലം നിർമാണത്തിന് ഉപയോഗിച്ചതെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.