കോൺക്രീറ്റ് പാലത്തിനായി കാത്തിരുന്ന് മടുത്ത നാട്ടുകാർ ഒടുവിൽ തൂക്കുപാലം നിർമിച്ചു. കോട്ടയം – ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന കോരുത്തോട് ടൗണിന് സമീപത്തെ തോപ്പിൽ കടവ് പാലം 2018 ഒക്ടോബറിലുണ്ടായ പ്രളയത്തിലാണ് തകർന്നത്. ആദിവാസി ജനവിഭാഗത്തിൽപ്പെട്ടവരും സാധാരണ കർഷകരുമായ ആളുകൾ അധിവസിക്കുന്ന പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കൽ പ്രദേശത്തെ ആളുകളുടെ ഏക ആശ്രയമായിരുന്നു തോപ്പിൽ കടവ് പാലം.
പാലം തകർന്നത്തോടെ കുഴിമാവ് ചുറ്റി 10 കിലോമീറ്റർ അധികം സഞ്ചരിച്ചു വേണം ഇവിടത്തുകാർക്ക് മറുകരയെത്തുവാൻ. ഇതോടെ കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങൾ വലിയ പ്രതിസന്ധിയിലായി.
തുടർന്ന് നാട്ടുകാരും പ്രദേശത്തെ ജനപ്രതിനിധികളും ചേർന്ന് അഴുതയാറിന് കുറുകെ ചങ്ങാടമിറക്കി യാത്ര ചെയ്തു. എന്നാൽ, മഴക്കാലത്ത് അഴുതയാറ്റിലെ ജലനിരപ്പ് കുത്തനെ ഉയർന്നതോടെ ചങ്ങാടത്തിലൂടെയുള്ള യാത്ര അപകടകരമായി മാറി. ഇതോടെ ഈ പദ്ധതിയും ഉപേക്ഷിച്ചു.
പാലം തകർന്ന് ആറു വർഷമായിട്ടും അധികാരികളുടെ ഭാഗത്തുനിന്നും അവഗണന മാത്രമായതോടെയാണ് കോരുത്തോട് നിവാസികളും മേഖലയിലെ സാമുദായിക പ്രസ്ഥാനങ്ങളും കൈകോർത്ത് തൂക്കുപാലത്തിന്റെ നിർമാണം ആരംഭിച്ചത്. ഇതിനായി ഒരു ജനകീയ സമിതിയും രൂപീകരിച്ചു.
സി.എസ്. രാജൻ – കൺവീനർ, കെ.ബി. രാജൻ – രക്ഷാധികാരി, ജോജോ പാമ്പാടത്ത്, ജോഷി പൂവക്കുളം, ചാക്കോച്ചൻ വടക്കംകര, സുധി കുമ്പളത്തുങ്കൽ, ലാലി സുകുമാരൻ, എ.പി. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പാലം പണി ആരംഭിച്ചു.
മുമ്പ് ഉണ്ടായിരുന്ന കോൺക്രീറ്റ് പാലത്തിനേക്കാൾ ഉയരത്തിൽ അഴുതയാറിന്റെ രണ്ടു വശങ്ങളിലും ഇരുമ്പ് തൂണുകൾ ബലപ്പെടുത്തി അതിൽ ഇരുമ്പ് വടം വലിച്ചുകെട്ടിയാണ് തൂക്കുപാലത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. അഴുതയാറ്റിലെ ജലനിരപ്പ് ഉയർന്നാലും തൂക്കുപാലത്തിന് കേടുപാട് സംഭവിക്കാത്ത വിധത്തിലാണ് നിർമാണം.
എട്ടര ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിച്ചത്. ഇതിനോടകം ആറ് ലക്ഷത്തി ഇരുപതിനായിരം രൂപയുടെ നിർമാണം നടത്തി. സമുദായ സംഘടനകളുടെ അകമഴിഞ്ഞ സാമ്പത്തിക സഹായത്തിനൊപ്പം വിവിധ സംഘടനകളും നാട്ടുകാരും തൂക്കുപാലം നിർമാണത്തിന്റെ ധനസമാഹരണത്തിൽ പങ്കുവഹിച്ചു. നിർമാണ പൂർത്തീകരണത്തിലേക്ക് എത്തണമെങ്കിൽ ഇനിയും നല്ലൊരു തുക കണ്ടെത്തേണ്ടതുണ്ട്. വലിയ മഴയ്ക്ക് മുന്പ് അതിനായുള്ള വഴി കണ്ടെത്താൻ പരിശ്രമിക്കുകയാണ് നാട്ടകാർ.
തൂക്കുപാലത്തിന്റെ നിർമാണം പൂർത്തിയാകുമ്പോഴും വാഹന ഗതാഗതം സാധ്യമാകണമെങ്കിൽ കോൺക്രീറ്റ് പാലം തന്നെ വേണം. നിലവിൽ റീബിൽഡ് കേരള പദ്ധതിയിൽ രണ്ടാമത് വിഭാഗത്തിൽ 17ാമത്തെ ലിസ്റ്റിലാണ് പാലം.