തൊടുപുഴ: രണ്ടരക്കോടിയോളം രൂപ മുതൽമുടക്കിൽ റോഡ് വികസിപ്പിച്ചെങ്കിലും ഇടുങ്ങിയ പാലം വാഹന ഗതാഗതത്തിനു തടസമാകുന്നു. തലയനാട് , ആനക്കയം , മഞ്ഞപ്ര, പെരുംകൊഴുപ്പ്, ഗ്രീൻവാലി, പരപ്പുംകര ഭാഗത്തുള്ളവർക്ക് വയനക്കാവ് വഴി കുടയത്തൂരെത്താനുള്ള വഴിയിലാണ് ഇടുങ്ങിയ പാലം സ്ഥിതിചെയ്യുന്നത്.
വീതിയുള്ള റോഡുണ്ടെങ്കിലും ഇടുങ്ങിയ പാലം നില നിൽക്കുന്നതു മൂലം വാഹനയാത്രയ്ക്ക് കിലോമീറ്ററുകൾ താണ്ടേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
ഇവിടെയുള്ളവർക്ക് തൊടുപുഴ ഉൾപ്പെടെയുള്ള മേഖലയിലേക്കും മറ്റും പോകാൻ കുടയത്തൂരെത്താനുള്ള പാതയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. നിലവിൽ കാൽനടയാത്രക്കാർക്കും ഇരു ചക്രവാഹനങ്ങൾക്കും സഞ്ചരിക്കാനുള്ള വീതി മാത്രമാണ് പാലത്തിനുള്ളത്.
രണ്ടര കിലോമീറ്ററോളം ദൂരം വരുന്ന റോഡ് പിഎംആർവൈ പദ്ധതി പ്രകാരം 2.43 കോടി മുടക്കിയാണ് തലയനാട്-കുടയത്തൂർ റോഡ് വീതി കൂട്ടി നിർമാണം പൂർത്തിയാക്കിയത്.
നാട്ടുകാരുടെ യാത്രാദുരിതത്തിനു പരിഹാരം കാണുന്നതിനു പുറമെ മലങ്കര ജലാശയത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാൻ എത്തുന്നവർക്കു കൂടി പ്രയോജനകരമാകുമെന്ന നിലയ്ക്കാണ് റോഡ് പുതുക്കി നിർമിച്ചത്.
ഒരു വശം പൂർണമായും ജലാശയത്തിന്റെ കാഴ്ചകൾ ആസ്വദിക്കാൻ കഴിയും. പ്രദേശവാസികൾക്ക് പുറം ലോകത്തെത്താൻ ഏറ്റവും എളുപ്പമാർഗം കുടയത്തൂർ വഴിയാണ്.
എന്നാൽ കാൽനടയായോ ഇരുചക്രവാഹനത്തിലോ മാത്രമേ ഇവിടേക്ക് എത്താനാവു. മറ്റു വാഹനത്തിൽ സഞ്ചരിക്കണമെങ്കിൽ കിലോമീറ്ററുകൾ താണ്ടി ആനക്കയം റൂട്ടിലോ കോളപ്ര വഴിയോ എത്തണം.
വയനക്കാവ് പാലം വീതി കൂട്ടി നിർമിച്ചാൽ വാഹനങ്ങൾക്ക് കുടയത്തൂരെത്തി എളുപ്പത്തിൽ തൊടുപുഴയ്ക്കോ ഇടുക്കി ഭാഗത്തേക്കോ പോകാൻ കഴിയും.
മലങ്കര ജലാശയത്തിനു മുകളിലൂടെ ജനങ്ങൾക്ക് കാൽനടയായി സഞ്ചരിക്കാൻ എംവിഐപിയാണ് ഇവിടെ വീതി കുറഞ്ഞ പാലം നിർമിച്ചത്.
എന്നാൽ പാലത്തിന് ഇരു വശത്തുമായി റോഡ് വീതി കൂട്ടി നിർമിച്ചതോടെയാണ് പാലവും വീതി കൂട്ടി വലിയ വാഹനങ്ങൾ കടന്നു പോകാവുന്ന വിധത്തിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പാലം വീതി കൂട്ടി നിർമിച്ചാൽ ഇവിടേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനും കഴിയുമെന്ന് നാട്ടുകാർ പറയുന്നു.