കുമരകം: പാലത്തിന്റെ പേര് മാറ്റിയതിൽ പരാതി. കുമരകം കോണത്താറ്റ് പാലത്തിന്റെ പേര് മാറ്റിയതിനെതിരേ കോണത്താറ്റ് കുടുംബമാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്.
തോമസ് കോണത്താറ്റിന്റെ ചെറുമകൻ റോയി ഫിലിപ്പ് കോണത്താറ്റ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
കോണത്താറ്റ് പാലത്തെ കാരിക്കത്തറ പാലമെന്ന പുതിയ പേര് നൽകിയതും പുനർ നിർമാണ ഉദ്ഘാടന ഫലകത്തിൽ കാരിക്കത്തറ പാലമെന്ന് ആലേഖനം ചെയ്തതുമാണ് പരാതിക്ക് കാരണമായത്.
ഏകദേശം 90 വർഷങ്ങൾക്ക് മുന്‍പ് കോണത്താറ്റ് തോമസ് സൗജന്യമായി വിട്ട് നൽകിയ വസ്തുവിലാണ് നിലവിലെ കോണത്താറ്റ് പാലം സ്ഥിതി ചെയ്യുന്നത്.
നിയമസഭ സാമാജികർ എംഎൽസി എന്ന് അറിയപ്പെട്ടിരുന്ന കാലഘട്ടത്തിലാണ് സ്ഥലം വിട്ടു നൽകിയത്.
കോണത്താറ്റ് തോമസിന്റെ സുഹൃത്തായ കുമരകം മേനോൻ വീട്ടിൽ നാരായണ മേനോന്റെ അഭ്യർത്ഥന പ്രകാരമാണ് കോണത്താറ്റ് തോമസ് സ്വന്തം ഭൂമിയ്ക്ക് നടുവിലൂടെ പാലത്തിന് സ്ഥലം വിട്ടു നൽകിയത്.
കുമരകത്തിന്റെ വികസനത്തിന്റെ ആദ്യ ചുവട് വയ്പ്പിന് കോണത്താറ്റ് കുടുംബം ചെയ്ത സംഭാവനകൾ അവിസ്മരിക്കരുതെന്നും പാലത്തിന് കോണത്താറ്റ് പാലം എന്ന പേര് നിലനിർത്തണമെന്നും റോയി ഫിലിപ്പ് കോണത്താറ്റ് ആവശ്യപ്പെടുന്നു.
കാറ്റിൽ 47 ലക്ഷം രൂപയുടെ കൃഷി നാശം
വാഴൂർ: വാഴൂർ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റിൽ 47 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചതായി കൃഷി വകുപ്പ് അധികൃതർ അറിയിച്ചു.
ടാപ്പ് ചെയ്യുന്നതും അല്ലാത്തതുമായ 2780 റബർ മരങ്ങൾ നശിച്ചു. കാർഷികവിളകളായ ജാതി, വാഴ, ചേന, കൊക്കോ എന്നിവയും നശിച്ചിട്ടുണ്ട്.
ആഞ്ഞിലി, പ്ലാവ്, തേക്ക് തുടങ്ങിയവയുടെ കണക്ക് ഇതിൽ ഉൾപ്പെട്ടിട്ടില്ല. കൃഷിനാശം സംഭവിച്ച കർഷകർ കൃഷിവകുപ്പിന് ഓണ്‍ലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് കൃഷി ഓഫീസർ ജി. അരുണ്‍കുമാർ അറിയിച്ചു.
വാഴൂർ എസ്്വിആർവി എൻഎസ്എസ് സ്കൂളിൽ 20 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.
ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര നശിച്ചുപോയതും സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നതും കെട്ടിടത്തിലെ 11 ഷീറ്റ് തകർന്നതും ചേർത്താണ് ഇത്രയും നഷ്ടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചു.