ഇരവിപേരൂർ: വരട്ടാർ പുനരുജ്ജീവന പദ്ധതിയിൽ നിർമിച്ച ഓതറ പുതുക്കുളങ്ങര പാലത്തിന്റെ ഉദ്ഘാടനം എന്നു നടക്കും? ഉത്തരം തരേണ്ട മന്ത്രിമാർ തമ്മിൽ തർക്കത്തിലും.
4.65 കോടി രൂപ ചെലവിൽ നിർമിച്ച പാലം കഴിഞ്ഞ പത്തിന് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്നു.
ആറന്മുള, ചെങ്ങന്നൂർ നിയോജക മണ്ഡലങ്ങളുടെ അതിർത്തി പങ്കിടുന്ന പാലത്തിന്റെ ഉദ്ഘാടന വേദിയെ സംബന്ധിച്ച തർക്കം കാരണം അവസാന നിമിഷം പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തികൂടിയാണ് പാലം.
വേദിക്കു പിടിവലി
ചെങ്ങന്നൂർ നിയോജക മണ്ഡലാതിർത്തിയായ മംഗലത്ത് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ മന്ത്രി റോഷി അഗസ്റ്റിൻ പാലം ഉദ്ഘാടനം ചെയ്യാനായിരുന്നു പരിപാടി.
മറുകരയിൽ ആറന്മുള നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി വീണാ ജോർജിനെ മുഖ്യാതിഥിയായും തീരുമാനിച്ചിരുന്നു.
എന്നാൽ, പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട തന്റെ ഇടപെടലുകൾ വിശദീകരിച്ച മന്ത്രി വീണാ ജോർജ് ഉദ്ഘാടന വേദി ആറന്മുള മണ്ഡലത്തിലാക്കണമെന്നും താൻ അധ്യക്ഷയാകണമെന്നുമുള്ള നിർദേശം ഉദ്യോഗസ്ഥർക്കു മുന്‍പിൽവച്ചു.
അല്ലാത്തപക്ഷം ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നും വീണാ ജോർജ് അറിയിച്ചിരുന്നതായി പറയുന്നു.
ഇതേത്തുടർന്ന് പരിപാടിയുടെ തലേന്നു രാത്രിയാണ് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പു കാരണം ഉദ്ഘാടനം മാറ്റിയെന്നാണ് ഔദ്യോഗിക വിശദീകരണം വന്നത്.
പത്തനംതിട്ട ഇരവിപേരൂര്‍ പഞ്ചായത്തിലെയും ആലപ്പുഴ ചെങ്ങന്നൂര്‍ നഗരസഭയിലെയും ജനങ്ങളുടെയും ചിരകാലാഭിലാഷമായിരുന്നു പുതുക്കുളങ്ങര പാലം.
ഇറിഗേഷന്‍ വകുപ്പാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും പാലത്തിലൂടെ അക്കരെ ഇക്കരെ പോകാമെന്ന ആശ്വാസത്തിലാണ് നാട്ടുകാർ.
പാലത്തിന് 30 മീറ്റര്‍ നീളവും ഇരുവശത്തും നടപ്പാത അടക്കം 8.6 മീറ്റര്‍ വീതിയുമുണ്ട്. ജലസേചന വകുപ്പ് തിരുവല്ല ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മാണം.