സ്വന്തം ലേഖകന്‍
കോഴിക്കോട് : ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തെത്തുടര്‍ന്നു കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധികള്‍ക്കു വിരാമമായെങ്കിലും പുതിയ ഫാന്‍സ് അസോസിയേഷനുകളുടെ ഉദയം വിവാദമാകുന്നു.ടി.എസ്.ബ്രിഗേഡ് എന്ന പേരില്‍ പുതിയ നിയോജക മണ്ഡലം കമ്മിറ്റി രംഗത്തെത്തിയതാണ് വീണ്ടും ചര്‍ച്ചയായത്.
ഗ്രൂപ്പുകളുടെ അതിപ്രസരം കുറയ്ക്കുന്നതിനുള്ള നടപടി് സ്വീകരിക്കുന്നതിനിടെയാണ് ഒരു നേതാവിന്റെ പേരില്‍ പ്രത്യേകമായ കമ്മിറ്റിയുണ്ടാക്കി പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നാണ് ആരോപണം.
സിദ്ദീഖിന്റെ പേരിൽ
കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദീഖിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും ഫോട്ടോകളുമായി പ്രത്യക്ഷപ്പെട്ട ടി.എസ്.ബ്രിഗേഡിന്റെ പോസ്റ്റര്‍ സഹിതമാണ് വിമര്‍ശകര്‍ രംഗത്തെത്തിയത്. ചാണ്ടി ഉമ്മന്റെ പേരും പോസ്റ്ററില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കെ.സുധാകരന്റെ പേരില്‍ കെ.എസ്.ബ്രിഗേഡും കെ.എസ്.ആര്‍മിയും കെ.മുരളീധരന്റെ പേരില്‍ കെ.എം.ബ്രിഗേഡും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് ടി.സിദ്ദീഖിന്റെ പേരില്‍ ടി.എസ്.ബ്രിഗേഡു കൂടി എത്തിയത്.
എന്നാല്‍, ഫാന്‍സുകാര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു പരിപാടികള്‍ നടത്താറുണ്ടെങ്കിലും അതില്‍ നേതാക്കള്‍ എത്താറില്ല. എന്നാല്‍, ടി.എസ്.ബ്രിഗേഡ് നടത്തിയ പരിപാടിയില്‍ ടി.സിദ്ദീഖ് പങ്കെടുക്കുകയും ചെയ്തതോടെയാണ് വിവാദമായി മാറിയത്.
“അശരണര്‍ക്ക് സ്വാന്തനം പദ്ധതി ‘യുടെ ഭാഗമായി ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് അഞ്ച് മൊബൈല്‍ ഫോണ്‍ നല്കിയ പരിപാടിയാണ് ടി.എസ്.ബ്രിഗേഡ് കഴിഞ്ഞ ഞായറാഴ്ച സംഘടിപ്പിച്ചത്.
ചാണ്ടി ഉമ്മന്‍ വിഭാവനം ചെയ്ത തണലേകാം-കരുത്താകാം പദ്ധതിപ്രകാരമാണ് മൊബൈല്‍ ഫോണ്‍ നല്‍കിയത്. ഇതിനു പുറമേ യൂത്ത് കോണ്‍ഗ്രസ് ഫറോക്ക്, കടലുണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അവാര്‍ഡ് ദാനവും സംഘടിപ്പിച്ചിരുന്നു.
ബ്രിഗേഡുകൾക്കു വിമർശനം
പരിപാടിയുടെ പോസ്റ്ററും സിദ്ധിക്കിന്റെ ഉദ്ഘാടനവുമെല്ലാം കോണ്‍ഗ്രസിലെ ഒരു വിഭാഗം ആയുധമാക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇവര്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ഈ ഫ്ളാറ്റ്ഫോമില്‍ ഈ ഒരു സംവിധാനത്തിന്റെ പ്രസക്തി എന്താണ് … നശിച്ചു കൊണ്ടിരിക്കുന്ന ഈ പ്രസ്ഥാനത്തെ പുതു ജീവന് കൊടുക്കാന്‍ പെടാപാടുപെടുന്ന പ്രവര്‍ത്തകരോടുള്ള ഒരു വെല്ലുവിളിയല്ലേ ഈ ബ്രിഗേഡുകള്‍ …
ഈ നിയോജക മണ്ഡലത്തില്‍ ഇത്രയും നാള് പാര്‍ട്ടിയുടെ പേരിലായിരുന്നില്ലേ പരിപാടികള്‍ നടത്തിയത് . പിന്നെ എവിടെ നിന്ന് പൊട്ടി മുളച്ചതാണ് ഈ ബ്രിഗേഡ്.
പ്രിയപ്പെട്ടവരേ പാര്‍ട്ടി എന്ന ഈ വന്ചുമരുണ്ടെങ്കിലേ നിങ്ങള്‍ക്ക് ഇത്തരം ബിഗേഡ് ചിത്രങ്ങള്‍ വര്‍ക്കാന്‍ സാധിക്കൂ എന്നത് ഒര്മവേണം . തുലാവര്‍ഷ ഇടിക്ക് മുളക്കുന്ന കൂണുകളെ പോലുള്ള ഈ ബ്രിഗേഡുകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നു വിശ്വസിക്കുന്നുണ്ടോ ? അതുകൊണ്ട് ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്യുന്നവരെ തിരിച്ചറിയാതെ പോവരുത് .
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹത്തായ ജനാധിപത്യ പ്രസ്ഥാനത്തിന്റെ ത്രിവര്‍ണ പരവതാനിയില്‍ പച്ച പുല്‍നാമ്പുകള്‍ കരിഞ്ഞു പോവുമ്പോള്‍ ഇവര്‍ മറ്റൊരു മേച്ചില്പുറം തേടി പോവില്ല എന്നതിന് എന്താണ് തെളിവ്.
ആയതിനാല്‍ കോണ്‍ഗ്രസ് ആശയങ്ങളും മുദ്രാവാക്യങ്ങളും ജനഹൃദങ്ങളിലേക്ക് എത്തിച്ച് ഒരു മനസോടെ ഒറ്റകെട്ടായ് ഉണര്‍ന്നു പ്രവര്‍ത്തിക്കാമെന്നും’ വ്യക്തമാക്കുന്ന പോസ്റ്റുകള്‍ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.