പയ്യന്നൂര്‍: പതിറ്റാണ്ടുകളായുള്ള ഒരു പ്രദേശത്തിന്റെ വികസന മോഹത്തെ കൊഞ്ഞനംകുത്തി പരിഹസിക്കുകയാണോ എന്ന ചോദ്യമാണ് റോഡില്ലാതെ നിര്‍മിച്ച ഈ പാലമുയര്ത്തുന്നത്.
കൂട്ടത്തില്‍ വികസനത്തിന് ആരാണ് വഴിമുടക്കുന്നത് എന്ന ചോദ്യവും. കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ വര്‍ഷങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തീകരിച്ച കല്ലന്ചിറപ്പാലമാണ് മറുപടിയില്ലാത്ത ചോദ്യമായി തുടരുന്നത്.
പാലത്തിനപ്പുറത്തെ ലക്ഷം വീട് കോളനിയില്‍ വരെ എത്തിനില്‍ക്കുന്ന റോഡ് ഈ പാലത്തില്‍ വന്നു മുട്ടുന്ന പൊന്‍പുലരി നാട്ടുകാര്‍ സ്വപ്നം കാണാന്‍ തുടങ്ങിയിട്ടും നാളുകളേറെയായി.
പാലത്തിനപ്പുറത്തെ കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ വയലിലൂടെയുള്ള 150 മീറ്ററോളം മാത്രമുള്ള റോഡ് ഈ പാലത്തിലേക്കെത്തിയാല് തീരുന്ന പ്രശ്നമേയുള്ളുതാനും.
രണ്ടു പഞ്ചായത്തുകളേയും വേര്‍തിരിക്കുന്ന കല്ലന്‍ചിറ തോടിന് മുമ്പുണ്ടായിരുന്ന മരപ്പാലത്തിന് പകരമായി കര്‍ഷകര്‍ക്ക് ടില്ലര്‍ കൊണ്ടുപോകാനുള്ള സൗകര്യത്തോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പ് ചെറിയ കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചിരുന്നു.
ഇതിനോട് ചേര്‍ന്നാണ് സ്ഥലം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 32,50,000 രൂപ ചെലവില്‍ കല്ലന്‍ചിറ പാലം നിര്‍മിച്ചത്.
എന്നാല്‍ അപ്പുറത്തെ ലക്ഷം വീട് കോളനി റോഡുമായി ബന്ധിപ്പിക്കുവാനുള്ള റോഡ് മാത്രമായില്ല.
റോഡ് നിര്‍മിക്കേണ്ട വയലിന്റെ ഉടമകളായ കര്‍ഷകര്‍ റോഡിന് സ്ഥലം വിട്ടുകൊടുത്തുകൊണ്ടുള്ള അനുമതിപത്രം നല്‍കിയിട്ട് രണ്ടുപതിറ്റാണ്ടായി.
അതിന് ശേഷം 2013-ല്‍ റോഡിനുള്ള വീതി അളന്നു തിരിച്ച് വയല്‍ വരമ്പ് തോറും കല്ലിട്ട് പോയവരെ പിന്നെ ഇതു വഴി കണ്ടില്ല.
റോഡ് നിര്‍മാണത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് 20 ലക്ഷം രൂപ അനുവദിച്ചതായി പത്രങ്ങളില്‍ വന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പക്ഷേ ആ പണം എങ്ങോട്ടു പോയെന്നും നാട്ടുകാര്‍ക്കറിയില്ല.
തോടിനക്കരെ മുന്നൂറ് ഏക്കറോളമുള്ള വയലുകളില്‍ കൂടുതല്‍ ഭാഗവും പെരളം പ്രദേശവാസികളുടേതാണ്.
ഇപ്പോള്‍ പെരളം ഭാഗത്തുള്ള കര്‍ഷകര്‍ വെള്ളൂര്‍ കാങ്കോല്വഴി കിലോ മീറ്ററുകള്‍ വളഞ്ഞു ചുറ്റിയാണ് കൃഷിക്കാവശ്യമായ വളങ്ങളും മറ്റും ലക്ഷം വീട് കോളനി റോഡിലെത്തിക്കുന്നത്.
മാത്തില്‍ ഹൈസ്കൂള്‍, ഗുരുദേവ് കോളജ്, കോറോത്തെ എന്‍ജിനീയറിംഗ് കോളജ്, വനിതാ പോളി, പെരിങ്ങോം ഗവ.കോളജ്,ഐടിഐ എന്നിവിടങ്ങളിലേക്ക് കരിവെള്ളൂര്‍ പെരളം ഭാഗങ്ങളില്‍ നിന്നുപോകുന്ന വിദ്യാര്‍ഥികള്‍ക്കും അപ്പുറത്തെ പഞ്ചായത്തില്‍നിന്നും തൃക്കരിപ്പൂര്‍ പോളി, കരിവെള്ളൂര്‍ ഹൈസ്കൂള്‍ എന്നിവിടങ്ങലേക്കുള്ള വിദ്യാര്‍ഥികള്‍ക്കും നെയ്ത്ത്-ബിഡി തൊഴിലാളികള്‍ക്കും ആശ്വാസമേകുന്നതാണ് പ്രസ്തുത റോഡ്.
എന്നാല്‍ പാലം നിര്‍മിച്ചിട്ടും 150 ഓളം മീറ്റര്‍ മാത്രമുള്ള റോഡ് നിര്മിക്കാനാളില്ലാതെ തുടരുന്ന പരിതാപകരമായ അവസ്ഥയില്‍ ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്.