ഐത്തല (റാന്നി): സമാനതകളില്ലാത്ത ദുരിതങ്ങളെയും ദുരന്തങ്ങളെയും മനക്കരുത്തോടെ നേരിട്ട് ഒരു നാടിനെ സംരക്ഷിച്ചു നിര്‍ത്തിയ ജനപ്രതിനിധിക്കു കൂട്ടായി നിന്ന പ്രിയതമ വാര്‍ഡിന്റെ അമരക്കാരിയായി.
പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ 12 -ാം വാര്‍ഡിനെയാണ് ബ്രില്ലി ബോബി പ്രതിനിധീകരിക്കുന്നത്. 2015 – 20 ഭര്‍ത്താവ് ബോബി ഏബ്രഹാം പ്രതിനിധീകരിച്ചിരുന്ന വാര്‍ഡാണിത്.
കേരളത്തില്‍ രണ്ടാംഘട്ട കോവിഡ് വ്യാപനത്തിലൂടെ ശ്രദ്ധേയമായ റാന്നിയിലെ ഐത്തല പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡ്. അന്ന് ജനപ്രതിനിധിയായിരുന്ന ബോബി ഏബ്രഹാം വാര്‍ഡിലെ ജനങ്ങള്‍ക്കുവേണ്ടി നടത്തിയ സേവനത്തിന്റെ അംഗീകാരമായി സ്വതന്ത്രയായി മത്സരിച്ച ബ്രില്ലി ബോബിക്ക് 547 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു.
ജില്ലയിലെ ഗ്രാമപഞ്ചായത്തു വാര്‍ഡുകളിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഭൂരിപക്ഷം. ആകെ പോള്‍ ചെയ്ത 992 വോട്ടില്‍ 705 എണ്ണവും ബ്രില്ലിക്കായിരുന്നു.2015 ല്‍ എല്‍ഡിഎഫ ്സ്വതന്ത്രനായാണ് ബോബി ഏബ്രഹാം വിജയിച്ചത്.
എന്നാല്‍ പിന്നീട് പഞ്ചായത്ത് കമ്മിറ്റിയിലുണ്ടായ ചില തര്‍ക്കങ്ങളില്‍ അദ്ദേഹം നിലപാട് മാറ്റി. യുഡിഎഫ് പിന്തുണയോടെ ഇടക്കാലത്തു പ്രസിഡന്റായി.
പിന്നീടു സ്ഥാനം നഷ്ടപ്പെട്ടെങ്കിലും മെംബറെന്ന നിലയില്‍ ഐത്തലയില്‍ നടത്തിയ സേവനങ്ങള്‍ ഏറെ അംഗീകരിക്കപ്പെട്ടു. മഹാപ്രളയത്തില്‍ നാട് മുങ്ങിയപ്പോഴും കോവിഡിന്റെ കാലത്ത് കേട്ടു കേള്‍വി പോലുമില്ലാത്ത ക്വാറന്റൈനും സാമൂഹിക അകലവുമൊക്ക വന്നപ്പോഴും നാടിനൊപ്പം അദ്ദേഹമുണ്ടായിരുന്നു.
ഇതിനെല്ലാം പിന്തുണ നല്കി ഭാര്യ ബ്രില്ലിയും മക്കളായ അലീന, അനീറ്റ, മെല്സ എന്നിവര്‍ ഒപ്പമുണ്ടായിരുന്നതായി ബോബി പറയുന്നു.ഇത്തവണ വാര്‍ഡ് വനിതാ സംവരണമായതോടെ ബോബി മത്സരരംഗം വിട്ടു.
എന്നാല്‍ സിറ്റിംഗ് മെംബറെന്ന നിലയില്‍ തന്നോട് ആലോചിക്കാതെ മുന്നണികള്‍ നടത്തിയ സ്ഥാനാര്‍ഥി നിര്‍ണയമാണ് ഭാര്യയെ രംഗത്തിറക്കാന്‍ ബോബിയെ പ്രേരിപ്പിച്ചത്. ഒപ്പം നാട്ടുകാരുടെ പിന്തുണയും. മുന്നണികളെ ഞെട്ടിച്ച വിജയമായിരുന്നു ബ്രില്ലിയുടേത്.
ഇന്നലെ സത്യപ്രതിജ്ഞയ്്ക്ക് ബ്രില്ലിക്കൊപ്പം ബോബി ഏബ്രഹാമുമുണ്ടായിരുന്നു.