ന്യൂഡൽഹി: മാനഭംഗ കേസുകളിൽ ഇരയായ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡേയുടെ പരാമർശങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ കത്ത്.
പോക്സോ കേസിലെ പ്രതിയോട് പീഡനത്തിനിരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചത് അംഗീകരിക്കാൻ കഴിയാത്ത തെറ്റാണെന്നും ചീഫ് ജസ്റ്റീസിന് അയച്ച കത്തിൽ വൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.
പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾ മറ്റുള്ളവരുടെ ചിന്തകൾക്കോ അഭിരുചികൾക്കോ അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന റോബോട്ടുകളല്ല.
പോക്സോ കേസ് ചുമത്തപ്പെട്ട സംഭവത്തിൽ പതിനാറ് വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടി വർഷങ്ങളോളം പീഡനത്തിനിരയായതാണ്.
അന്ന് അവൾ അനുഭവിച്ച പീഡനങ്ങളും മാനസികമായേറ്റ മുറിവിനും ഒരു വിലയുമില്ലേ എന്നും പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയെ വിവാഹം ചെയ്താൽ പീഡനമെന്ന കുറ്റത്തിൽ നിന്ന് നിയമരക്ഷ ലഭിക്കുമെന്ന സന്ദേശമാണ് ചീഫ് ജസ്റ്റീസ് നൽകുന്നതെന്നും കത്തിൽ പറയുന്നു.
പൊതുവെ പീഡനത്തിനിരയായ പെണ്‍കുട്ടി അല്ലെങ്കിൽ സ്ത്രീയെ മോശമായി ചിത്രീകരിക്കുന്ന പ്രവണത സമൂഹത്തിനുണ്ട്.
ആ ചീത്തപ്പേര് പ്രതിയെ വിവാഹം ചെയ്യുന്നതിലൂടെ കഴുകിക്കളയാമെന്ന ചിലരുടെ ധാരണയ്ക്ക് കുടപിടിക്കുന്നതാണ് ചീഫ് ജസ്റ്റീസിന്റെ പരാമർശം.
ഈ രണ്ട് പരാമർശങ്ങളും പിൻവലിക്കണം. പോക്സോ കേസിലെ പ്രതിക്ക് അനുവദിച്ച മുൻകൂർ ജാമ്യവും റദ്ദ് ചെയ്യണം.
ഭർത്താവെത്ര ക്രൂരനാണെങ്കിലും ഭാര്യാ – ഭർതൃ ബന്ധത്തിലെ ലൈംഗീകത എങ്ങനെ പീഡനമായി കണക്കാമെന്ന ചീഫ് ജസ്റ്റീസിന്റെ ചോദ്യത്തെയും വൃന്ദ കത്തിൽ വിമർശിച്ചു. ദാന്പത്യ ബന്ധത്തിലും ഇത്തരം സംഭവങ്ങളിൽ പീഡനം തന്നെയാണെന്ന് നടക്കുന്നത്.
വിവാഹ സർട്ടിഫിക്കറ്റ് നോക്കിയല്ല പീഡനമാണോ അല്ലയോ എന്ന് നിശ്ചയിക്കേണ്ടത്. മറിച്ച് സ്ത്രീയുടെ അനുമതി കൂടി പരിഗണിക്കണമെന്നും അവർ ചൂണ്ടിക്കാട്ടി.