ആലപ്പുഴ: കോടികളുടെ കോർപറേറ്റ് കടങ്ങൾ എഴുതിത്തള്ളുന്ന കേന്ദ്രസർക്കാർ സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളുടെ കടങ്ങളും എഴുതിത്തള്ളാൻ തയാറാകണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.
കേന്ദ്രം അംബാനിമാർക്കും അദാനിമാർക്കും മാത്രമുള്ള സർക്കാരായി മാറി. പാർലമെന്റിൽ മൂന്നിൽരണ്ട് ഭൂരിപക്ഷമുണ്ടായിട്ടും വനിതാ സംവരണ ബിൽ പാസാക്കാത്തത് എന്തുകൊണ്ടാണെന്നും ബൃന്ദാ കാരാട്ട് ചോദിച്ചു.
ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ (എഐഡിഡബ്ല്യുഎ) 13-ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
രാജ്യത്ത് കോർപറേറ്റ് വർഗീയവാദികൾക്കെതിരേ പുതിയ സ്വാതന്ത്ര്യസമരം നടക്കുകയാണ്. സ്ത്രീസുരക്ഷ പ്രഖ്യാപിക്കുകയും ബലാത്സംഗ പ്രതികളെ വെറുതെ വിടുകയും ചെയ്യുന്ന മോദി സർക്കാർ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത സ്വാഗതം പറഞ്ഞു. അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മാലിനി ഭട്ടാചാര്യ, അഖിലേന്ത്യാ സെക്രട്ടറി മറിയം ധാവ്ള, അസിസ്റ്റന്റ് സെക്രട്ടറി എൻ.സുകന്യ, പുണ്യവതി, ഇ.പത്മാവതി, മന്ത്രി ഡോ. ബിന്ദു, പി.കെ. ശ്രീമതി, കെ.കെ. ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.