കണ്ണൂർ: വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ പാപ്പിനിശേരി അരോളിയിൽ ഒരു വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയിൽ സംഭവസ്ഥലത്തെത്തിയ വനിതാ പോലീസിനോട് അപമര്യാദയായി പെരുമാറിയ ഒരാൾ അറസ്റ്റിൽ.
അരോളി കാട്യം സ്വദേശിയായ ഉമേഷ് പട്ടേരി (35)യെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രിയാണ് സംഭവം.
കുറച്ചുനാളായി അരോളി കാട്യത്തെ ഒരു വീടു കേന്ദ്രീകരിച്ച് 15 ആസാമി സ്ത്രീകളെ കൊണ്ടുവന്ന് ഒരു സംഘം അനാശാസ്യം നടത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
13, 15 വയസുള്ള പെൺകുട്ടികളാണ് ഇതിൽ ഏറെയും. ഒരു മണിക്കൂറിന് 1000 രൂപയെന്ന രീതിയിലാണ് ഇവിടെ അനാശാസ്യം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
ഇന്നലെ രണ്ട് യുവാക്കൾ ഈ വീടിന്റെ മുന്നിലൂടെ നടക്കുമ്പോൾ രണ്ട് പേർ അകത്തേക്ക് കയറി പോകുന്നത് കണ്ടു. നാട്ടുകാരെ വിവരം അറിയിക്കുകയും ഇവരെ കൈയോടെ പിടികൂടുകയുമായിരുന്നു.
തുടർന്ന്, വളപട്ടണം പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.സംഭവമറിഞ്ഞ് വളപട്ടണം പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐ അടക്കമുള്ള പോലീസുകാർ ജീപ്പിൽ സംഭവസ്ഥലത്തെത്തി.
ജനങ്ങൾ പരാതിയുമായി വനിതാ പോലീസിനെ സമീപിച്ചപ്പോൾ ഇക്കാര്യത്തിൽ ഇടപെടാൻ കഴിയില്ലെന്നും ഇവരുടെ സമ്മതപ്രകാരമുള്ള കാര്യമായതിനാൽ പോലീസിനു പരിമിതിയുണ്ടെന്നും ആരോപണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാകില്ലെന്നും അറിയിച്ചതോടെ നാട്ടുകാരായ ചിലർ പോലീസിനെതിരേ തിരിഞ്ഞു.
തുടർന്ന് പോലീസുകാരും നാട്ടുകാരും തമ്മിൽ ഏറെ നേരം വാക്കേറ്റം നടന്നു. പ്രകോപിതരായ ഒരു സംഘം വനിതാ പോലീസിനെയും ചീത്തവിളിച്ചു. സംഭവമറിഞ്ഞ് കൂടുതൽ പോലീസ് സ്ഥലത്തെത്തി.
ഇതോടെയാണ് നാട്ടുകാർ പിരിഞ്ഞു പോയത്. വനിതാ പോലീസിനോട് അപമര്യാദയായി പെരുമാറിയതിനാണ് ഉമേഷിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.