വാഗമണിലെ നിശാപാര്‍ട്ടിയില്‍ വിളമ്പിയത് ഏഴു തരത്തിലുള്ള മയക്കുമരുന്നുകള്‍. എംഡിഎംഎ, എല്‍എസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പില്‍സ്, എക്സറ്റസി പൗഡര്‍, ചരസ്സ്, ഹഷീഷ് എന്നിവയാണു പ്രതികളില്‍ നിന്നു കണ്ടെടുത്തത്.
പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. സംസ്ഥാനം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ലഹരിമാഫിയയുടെ കണ്ണികളാണ് പിടിയായത് എന്നാണ് നിഗമനം.
കേസില്‍ അറസ്റ്റിലായ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ ഒമ്പതു പ്രതികളുടെ വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍നിന്നുമായാണ് ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്. തൊടുപുഴ സ്വദശിയായ ഒന്നാം പ്രതി അജ്മല്‍ സക്കീറാണ് ഇവയെല്ലാം നിശാ പാര്‍ട്ടികളിലേക്ക് എത്തിച്ചു നല്‍കിയത്.
അന്തര്‍ സംസ്ഥാന ലഹരി മാഫിയയുമായി അജ്മലിനും രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനും ബന്ധമുണ്ടെന്നാണ് സൂചന. മുന്‍പ് വിവിധയിടങ്ങളില്‍ ഇവര്‍ പാര്‍ട്ടികളില്‍ ലഹരിയുടെ ഉപയോഗം നടന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
കേസിലെ ഒമ്പതാം പ്രതിയായ ബ്രിസ്റ്റി ബിശ്വാസിന് ലഹരിമരുന്ന് സംഘവുമായി നേരത്തെ മുതല്‍ ബന്ധമുണ്ടെന്നാണ് വിവരം. പനംമ്പള്ളി നഗറിലെ ഷോപ്പിങ് കോംപ്ലക്സ് കേന്ദ്രീകരിച്ച് ഒത്തുകൂടുന്ന ലഹരി സംഘത്തിലെ കണ്ണികളിലൊരാളാണ് തൃപ്പൂണിത്തുറ സ്വദേശിയായ നടിയും മോഡലുമായ ബ്രിസ്റ്റി.
വിവിധ ജില്ലയില്‍ നിന്നുള്ളവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിനാല്‍ ഇവരുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് എക്സൈസിന്റെ പദ്ധതി.
പുതുവര്‍ഷത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു വന്‍തോതില്‍ ലഹരിമരുന്ന് എത്തിച്ചേരുമെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ അതിര്‍ത്തികളില്‍ വാഹന പരിശോധന കര്‍ശനമാക്കി.
ലഹരിപാര്‍ട്ടി നടക്കാനിടയുള്ള പല സ്ഥലങ്ങളും ഇപ്പോള്‍ പോലീസിന്റെയും എക്സൈസ് ഇന്റലിജന്‍സിന്റെയും നിരീക്ഷണത്തിലാണ്.