ലണ്ടൻ: ബ്രിട്ടണിൽ മെയ്സർ സാങ്കേതിക വിദ്യയുടെ വികസനത്തിനു യുവ മലയാളി ശാസ്ത്രജ്ഞയ്ക്ക് അര മില്യൺ പൗണ്ടിന്റെ (ഏകദേശം അഞ്ചു കോടി രൂപ) ഗവേഷണ സ്കോളർഷിപ്.
നോർത്തംബ്രിയ യൂണിവേഴ്സിറ്റിയിൽ മാത്തമാറ്റിക്സ് ഫിസിക്സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് പ്രഫസറായ പാലാ സ്വദേശിനി ഡോ.ജൂണ സത്യനാണ് ഈ അപൂർവ നേട്ടം. പാലാ സ്രാമ്പിക്കൽ തോമസ് – ഡെയ്സി ദമ്പതികളുടെ മകളാണ്.
യുകെയിലെ എൻജിനിയറിംഗ് ആൻഡ് ഫിസിക്കൽ സയൻസ് റിസർച്ച് കൗൺസിലാണ് (ഇപിഎസ്ആർസി) മെയ്സർ സാങ്കേതികവിദ്യയുടെ (മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ) വികസനത്തിനായി ഇത്രയും വലിയ തുക വ്യക്തിഗത സ്കോളർഷിപ്പായി അനുവദിച്ചത്.
ലേസർ സാങ്കേതികവിദ്യക്കു മുന്നേ 1950ൽ ആരംഭിച്ചതാണ് മെയ്സർ. എന്നാൽ, മെയ്സർ നിർമാണം ചെലവേറിയതും സങ്കീർണവുമായതിനാൽ ഈ സാങ്കേതിക വിദ്യ കൂടുതൽ വികാസം പ്രാപിച്ചില്ല.
വളരെ കുറഞ്ഞ താപനിലയിലും ശക്തിയേറിയ കാന്തികവലയത്തിലും വാക്വം കണ്ടീഷനിലും മാത്രം പ്രവർത്തിക്കുന്ന മെയ്സർ ഡിവൈസുകൾ വളരെ ചുരുങ്ങിയ സാഹചര്യങ്ങളിൽ മാത്രമേ ഉപയോഗിക്കാനാകൂ എന്നതായിരുന്നു പരിമിതി.
എന്നാൽ, കഴിഞ്ഞ എട്ടു വർഷത്തെ ഗവേഷണഫലമായി ഡോ. ജൂണ സത്യനും സഹപ്രവർത്തകരും സാധാരണ മുറിക്കുള്ളിലെ താപനിലയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന മെയ്സർ ഡിവൈസ് വികസിപ്പിച്ചെടുത്തു. ഇവർ വികസിപ്പിച്ച ഉപകരണം കൂടുതൽ മെച്ചപ്പെടുത്താനും വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കാനുമാണ് സ്കോളർഷിപ്
പാലാ അൽഫോൻസ കോളജിൽനിന്നു ഫിസിക്സിൽ ബിരുദവും സെന്റ് തോമസ് കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ജൂണ ഓസ്ട്രേലിയയിൽനിന്നു ഡോക്ടറേറ്റ് നേടിയാണ് ലണ്ടനിലെത്തിയത്.
സാറ്റലൈറ്റ് കമ്യൂണിക്കേഷൻ മുതൽ, എയർപോർട്ട് സെക്യൂരിറ്റി വരെയുള്ള കാര്യങ്ങളിൽ ഈ മെയ്സർ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനാകുമെന്നു ജൂണ പറയുന്നു. ലേബർ പാർട്ടിയുടെ സജീവ പ്രവർത്തകയായ ജൂണ പ്രാദേശിക കൗൺസിലറുമാണ്.
ഭർത്താവ് ചാലക്കുടി സ്വദേശി സത്യൻ ഉണ്ണി റോയൽ മെയിൽ ഉദ്യോഗസ്ഥനും ഫുട്ബോൾ പരിശീലകനുമാണ്. വിദ്യാർഥികളായ മിലൻ, മിലിന്ദ് എന്നിവരാണ് മക്കൾ.