ലണ്ടൻ: ബ്രിട്ടനിൽ പതിനാല് വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണത്തിന് അന്ത്യം കുറിച്ച് ലേബർ പാർട്ടി അധികാരത്തിലേക്ക്.
കീർ സ്റ്റാർമർ അടുത്ത പ്രധാനമന്ത്രിയാകും. വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ ലേബർ പാർട്ടി വ്യക്തമായ ആധിപത്യമാണു പുലർത്തുന്നത്. ഇന്ത്യൻ വംശജനായ ഋഷി സുനക് നേതൃത്വം കൊടുക്കുന്ന കൺസർവേറ്റീവ് പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടായി.
650 സീറ്റുകളുള്ള പാർലമെന്റിൽ ലേബർ പാർട്ടി 410 സീറ്റുകൾ നേടുമെന്നാണ് എക്സിറ്റ്പോൾ പ്രവചനം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റുകളില്‍ പോലും ലേബര്‍ പാര്‍ട്ടി വൻ മുന്നേറ്റം നടത്തിയെന്നാണു റിപ്പോർട്ട്. കീർ സ്റ്റാര്‍മറിന്റെ ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണിത്.
2019ല്‍ ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടായതിനെ തുടര്‍ന്നാണ് പാര്‍ട്ടി നേതൃത്വം ജെറമി കോര്‍ബിനില്‍നിന്ന് നേതൃത്വം കീര്‍ സ്റ്റാർമർ ഏറ്റെടുത്തത്. കനത്ത ഭരണവിരുദ്ധ വികാരമാണു കൺസർവേറ്റീവ് പാർട്ടിക്കു തിരിച്ചടിയായതെന്നാണു സൂചന.
കൺസർവേറ്റീവ് പാർട്ടി നിലിവിൽവന്ന 1834നു ശേഷം നേരിട്ട കനത്ത പരാജയമാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായത്. 1997ൽ ലേബർ പാർട്ടി നേതാവ് ടോണി ബ്ലയർ ആണ് ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയിട്ടുള്ളത്.
418 സീറ്റാണ് അന്ന് ലേബർ പാർട്ടി സ്വന്തമാക്കിയത്. ഇതിലും വലിയ വിജയം കീർ സ്റ്റാര്‍മർക്ക് ലഭിക്കുമെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്.