ലണ്ടൻ: ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിനായി ബ്രിട്ടീഷ് സർക്കാർ യുദ്ധക്കപ്പലുകളും നിരീക്ഷണ വിമാനവും ഹെലികോപ്റ്ററുകളും കിഴക്കൻ മെഡിറ്ററേനിയൻ കടലിലേക്ക് അയയ്ക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് യുദ്ധക്കപ്പലുകളും വിമാനങ്ങളും ഇന്നു മുതൽ ഈ മേഖലയിലൂടെ പട്രോളിംഗ് ആരംഭിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.
ഒരു പി8 എയർക്രാഫ്റ്റ്, യുദ്ധക്കപ്പലുകളായ ആർഎഫ്എ ലൈം ബേ, ആർഎഫ്എ ആർഗസ്, മൂന്ന് മെർലിൻ ഹെലികോപ്റ്ററുകൾ എന്നിവയെയാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്.
മേഖലയിലുടനീളമുള്ള തങ്ങളുടെ സൈനിക, നയതന്ത്ര ടീമുകൾ, സുരക്ഷ പുനഃസ്ഥാപിക്കുന്നതിനും ഹമാസ് ഭീകരരുടെ ക്രൂരമായ ആക്രമണത്തിന്റെ ഇരകളായ ആയിരക്കണക്കിനു നിരപരാധികളിലേക്ക് മാനുഷികസഹായം എത്തിക്കുന്നതിനും അന്താരാഷ്ട്ര പങ്കാളികളെ പിന്തുണയ്ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.