ലണ്ടൻ: വൈറസ് ബാധ മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കുന്നതിന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി ബ്രിട്ടീഷ് എയർവേസ്.
12,000 ജീവനക്കാരെ പിരിച്ചുവിടാനാണ് നീക്കം. വിമാനയാത്ര പഴയ നിലവാരത്തിലേക്ക് എത്തുന്നത് വരെ മറ്റു പദ്ധതികൾ ആവിഷ്കരിക്കുമെന്ന് എയർവേസിന്റെ മാതൃകമ്പനിയായ ഇന്റർനാഷണൽ എയർലൈൻ ഗ്രൂപ്പ് (ഐഎജി) അറിയിച്ചു.
അതേസമയം, ഐഎജിയുടെ തീരുമാനത്തെ എതിർത്ത് ബ്രിട്ടീഷ് എയര്ലൈന് പൈലറ്റ്സ് അസോസിയേഷന് (ബാല്പ) രംഗത്തെത്തിയിട്ടുണ്ട്. ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം ഞെട്ടലും ദുഃഖവുമുണ്ടാക്കുന്നതാണ്. ഒരോ തൊഴിൽ നഷ്ടത്തിനും എതിരെ ശക്തമായി പോരാടുമെന്നും ബാൽപ പ്രതികരിച്ചു.
നിലവിൽ 4,500 പൈലറ്റുമാരും 16,000 ക്യാബിൻ ക്യൂ അംഗങ്ങളുമാണ് ബ്രിട്ടീഷ് എയർവേസിലുള്ളത്. ഇതിനകം 23,000 ജീവനക്കാർക്ക് താത്കാലികാവധി നൽകിയിരിക്കുകയാണ്. വിമാന യാത്ര പ്രീ-വൈറസ് തലത്തിലേക്ക് മടങ്ങാൻ വർഷങ്ങളെടുക്കുമെന്നാണ് കമ്പനി വാർത്താ കുറിപ്പിൽ പറയുന്നത്.
കോവിഡ് പ്രതിസന്ധി മൂലം ഐഎജിയുടെ 2020ലെ ആദ്യ ത്രൈമാസ വരുമാനം 13 ശതമാനം ഇടിഞ്ഞ് 4.6 ബ്രില്യൺ യൂറോയിൽ എത്തിയിരുന്നു.