കോവിഡിനെ തുരത്താനുള്ള വാക്‌സിനായുള്ള ഗവേഷണത്തിലാണ് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍. ഇതിനിടെ പുകയിലയില്‍ നിന്ന് തയ്യാറാക്കിയ കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ്.
ബ്രിട്ടിഷ് അമേരിക്കന്‍ ടുബാക്കോ കമ്പനിയുടെ വാക്‌സിന്‍ ഈ ആഴ്ച തന്നെ മനുഷ്യരില്‍ പരീക്ഷിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുകയില സസ്യങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന പരീക്ഷണാത്മക കോവിഡ്-19 വാക്‌സിന്‍ ആഴ്ചകള്‍ക്കുള്ളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചേക്കാം. പുകയിലയില്‍ നിന്നുള്ള പ്രോട്ടീന്‍ വേര്‍തിരിച്ചെടുത്താണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.
യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് ഏത് ദിവസവും പരീക്ഷണത്തിനുള്ള അനുമതി ലഭിക്കാമെന്ന് ലക്കി സ്‌ട്രൈക്ക് സിഗരറ്റ് നിര്‍മാതാക്കളായ ബ്രിട്ടിഷ് അമേരിക്കന്‍ ടുബാക്കോ പിഎല്‍സി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ കിംഗ്സ്ലി വീറ്റണ്‍ പറഞ്ഞു.
ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്, മികച്ച ഒരു നാളെയെ കെട്ടിപ്പടുക്കുന്നതിനുള്ള തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണിതെന്ന് വീറ്റണ്‍ പറഞ്ഞു.
ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന പുകയില നിര്‍മാണ കമ്പനി തന്നെയാണ് കൊറോണ വൈറസിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നതാണ് ശ്രദ്ധേയം. വാക്‌സിന്‍ വിജയകരമാണെങ്കില്‍ 2021ന്റെ ആദ്യ പകുതിയില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.
ലോകത്തിലെ തന്നെ രണ്ടാം നമ്പര്‍ സിഗരറ്റ് കമ്പനിയാണ് ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ. കൊറോണ വൈറസ് ബാധിച്ചവര്‍ സിഗരറ്റ് വലിക്കുന്നത് രോഗം കഠിനമാകാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രീ-ക്ലിനിക്കല്‍ പരിശോധനയില്‍ പരീക്ഷണാത്മക വാക്‌സിന്‍ ‘രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ബ്രിട്ടിഷ് അമേരിക്കന്‍ ടുബാക്കോ നേരത്തെ അറിയിച്ചിരുന്നു.