ബ്രിട്ടീഷ് കമാന്‍ഡോകള്‍ക്ക് തുണയായത് ബുര്‍ഖയും താലിബാന്റെ പതാകയും ! കമാന്‍ഡോകളുടെ സാഹസിക രക്ഷപ്പെടല്‍ ഇങ്ങനെ…

താലിബാന്റെ പിടിയില്‍ അകപ്പെടാതെ രക്ഷപ്പെടാന്‍ ബ്രിട്ടീഷ് കമാന്‍ഡോകള്‍ക്ക് തുണയായത് ബുര്‍ഖ. എസ്എഎസ് കമാന്‍ഡോകള്‍ ബുര്‍ഖ ധരിച്ച് സ്ത്രീകളായി അഭിനയിച്ചാണ് വിമാനത്താവളത്തിലെത്തിപ്പറ്റിയത്.

അഫ്ഗാന്‍ സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ഉപയോഗിക്കുന്ന, ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രമായ ബുര്‍ഖ ധരിച്ചാണ് കമാന്‍ഡോകള്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചത്.

അഫ്ഗാന്‍ സുരക്ഷാസേനയിലെ അംഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന കമാന്‍ഡോകള്‍ക്കാണ് അവസാന നിമിഷം രക്ഷപ്പെടാന്‍ ഈ വിചിത്ര വഴി തേടേണ്ടിവന്നത്.

അഫ്ഗാനിലെ ബ്രിട്ടീഷ് താവളത്തില്‍ നിന്നും 20 പേരുടെ സൈനിക യൂണിറ്റാണ് ബുര്‍ഖയ ധരിച്ച് വിമാനത്താവളത്തിലേക്ക് തിരിച്ചത്. കൂടാതെ വാഹനത്തില്‍ താലിബാന്‍ പതാകയും കെട്ടിയിരുന്നു.

ഇതു രണ്ടും ഉള്ളതുകൊണ്ട് പ്രശ്‌നമില്ലാതെ നിരവധി താലിബാന്‍ ചെക്‌പോസ്റ്റുകള്‍ കടക്കാന്‍ ഇവര്‍ക്കായി. രക്ഷാദൗത്യത്തിന് ഹെലികോപ്റ്ററുകള്‍ ലഭ്യമല്ലെന്ന് അറിയിപ്പ് ലഭിച്ചതോടെയാണ് റോഡ് മാര്‍ഗം വേഷംമാറി തിരിച്ചത്.

എസ്എഎസ് ടീം അഫ്ഗാനിസ്ഥാനില്‍ മാസങ്ങളോളം രഹസ്യ നിരീക്ഷണ ദൗത്യത്തിലായിരുന്നു. ഓപ്പറേഷന്‍ നിര്‍ത്താനും കാബൂളിലേക്ക് ഉടനടി മടങ്ങാനും കമാന്‍ഡോകളോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

അപ്പോഴേക്കും മിക്ക നഗരങ്ങളും താലിബാന്‍ പിടിച്ചടക്കിയിരുന്നു. കാബൂളിലേക്ക് നൂറുകണക്കിന് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ അവര്‍ അഞ്ച് ടാക്‌സികളാണ് ഉപയോഗിച്ചത്.

സുരക്ഷിത വഴി കണ്ടെത്താന്‍ അവര്‍ അഫ്ഗാന്‍ തീവ്രവാദ വിരുദ്ധ പൊലീസിന്റെ സഹായവും തേടി. വിവിധ നിറങ്ങളിലുള്ള ബുര്‍ഖകളാണ് ധരിച്ചത്.

കമാന്‍ഡോകള്‍ അവരുടെ ആയുധങ്ങളും വെടിക്കോപ്പുകളും ഒഴികെയുള്ള മിക്ക ഉപകരണങ്ങളും ഉപേക്ഷിച്ചു. കുറച്ച് ആയുധങ്ങള്‍ ബുര്‍ഖകള്‍ കൊണ്ട് മൂടുകയും ചെയ്തായിരുന്നു യാത്ര.

വേഷംമാറിയ 20 പേരുമായി അഞ്ച് ടാക്‌സികള്‍ പോകുമ്പോള്‍ വഴികളില്‍ മുഴുവന്‍ താലിബാന്‍ പതാകകള്‍ വീശി സഞ്ചരിക്കുന്നവരെയാണ് കമാന്‍ഡോകള്‍ കണ്ടത്.

ബുര്‍ഖ അണിഞ്ഞ് കാബൂള്‍ വിമാനത്താവളത്തിലെത്തിയ ബ്രിട്ടിഷ് കമാന്‍ഡോകളെ കണ്ടിട്ട് എയര്‍പോര്‍ട്ടിന്റെ സുരക്ഷാചുമതലയുള്ള യഎസ് സൈനികര്‍ തിരിച്ചറിഞ്ഞില്ല.

നിജസ്ഥിതി ബോധ്യപ്പെടുത്താനും ബുദ്ധിമുട്ടി. അവസാനം ബുര്‍ഖ മാറ്റിയപ്പോഴാണ് അകത്തേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്.

Related posts

Leave a Comment