നാം രണ്ട് നമുക്ക് രണ്ട് എന്ന നിലയിലേക്ക് ആധുനിക ലോകം മാറിയിരിക്കുന്ന കാലഘട്ടത്തിലാണ് ‘ നാം രണ്ട് നമുക്ക് എത്രത്തോളം ആവാം അത്രത്തോളം’ എന്ന ചിന്താഗതിയുമായി സൂ റാഡ്ഫോര്ഡും ഭര്‍ത്താവ് നോയലും ജീവിക്കുന്നത്. ഇപ്പോള്‍ തന്നെ 20 മക്കളുള്ള ദമ്പതികള്‍ തങ്ങളുടെ ഏറ്റവും ഇളയകുട്ടി പിറന്നു വീഴുന്നത് കാത്തിരിക്കുകയാണത്രേ.
ചാനല്‍ ഫോറിന് നല്കിയ അഭിമുഖത്തിലാണ് സൂവും നോയലും തങ്ങളുടെ കുട്ടികളുടെ എണ്ണവും ഇനി പ്രസവിക്കാനിരിക്കുന്ന കുഞ്ഞിന്റെ വിവരവും വ്യക്തമാക്കിയത്. എന്നാല്‍ താന്‍ ആദ്യം പ്രസവിച്ചത് 13 ാം വയസ്സിലാണെന്നും അന്ന് ഭര്‍ത്താവിന് 18 വയസ്സായിരുന്നു പ്രായമെന്നും 43 ാം വയസ്സില്‍ അടുത്ത കുട്ടിയെ കൂടി പ്രസവിക്കാന്‍ കാത്തിരിക്കുകയാണ് താന്‍ എന്നു കൂടി വിവരിച്ചതോടെ നാട്ടുകാരുടെ മാത്രമല്ല ലോകത്തുടനീളമുള്ള അനേകം പേരുടെ വായാണ് പൊളിഞ്ഞത്.
ഷോയുടെ സംപ്രേഷണം അവസാനിച്ചതിന് തൊട്ടുപിന്നാലെ ജനുവരി മൂന്നിന് ഇവര്‍ ഏറ്റവും ഇളയകുഞ്ഞ് ബോണി റായേയ്ക്ക് ജന്മം നല്‍കുകയും ചെയ്തു. അതേസമയം താന്‍ പതിമൂന്നാമത്തെ വയസ്സില്‍ അമ്മയായെന്നും ഭര്‍ത്താവ് അന്ന് 17 കാരനായിരുന്നു എന്നുമുള്ള സൂവിന്റെ വെളിപ്പെടുത്തല്‍ പക്ഷേ ഒട്ടേറെ പേരെയാണ് അലോസരപ്പെടുത്തിയത്. 13 കാരിയെ 18 കാരന് ഗര്‍ഭിണിയാക്കിയാല്‍ അത് കുറ്റകൃത്യമാണെന്ന നിലയിലുള്ള ചര്‍ച്ചകളാണ് ഉയര്‍ന്നു വരുന്നത്. അവള് തന്നെ കുട്ടിയായിരിക്കെ അവള്‍ക്കൊരു കുട്ടിയോ എന്ന് ആശങ്കപ്പെട്ടവരുമുണ്ട്.
കോള്‍, ക്രിസ്, ദാനിയേല്‍, കാത്തി, ജോഷ്, ആര്‍ച്ചി, മിലി, ജാക്ക്, സോഫി, ജെയിംസ്, ലൂക്ക്, കാസ്പര്‍, ബോണി,എല്ലി, ഹാല്ലി, എയ്മി, ഫോബി, ടില്ലി, മാക്സ്, ഓസ്ക്കര്‍ എന്നിവരാണ് മക്കള്‍. ഇത്രയും അംഗങ്ങളുള്ള കുടുംബത്തിന്റെ ചെലവ് എങ്ങിനെയായിരിക്കുമെന്നും ഇവര്‍ നല്കുന്ന അധികചെലവും ചിലര്‍ ചര്‍ച്ച ചെയ്തു. പൈ ഷോപ്പില്‍ ജോലി ചെയ്യുന്ന പിതാവ് നോയലിന്റെ വരുമാനത്തില്‍ മാത്രം ജീവിക്കാന്‍ കഴിയുമോ എന്ന ആശങ്ക പങ്കുവെച്ചവരും ഉണ്ട്. 50,000 പൗണ്ടാണ് നോയലിന്റെ ശമ്പളം. മൂത്തമകള്‍ കോളിന്റെ വരുമാനം കൂടി പിതാവ് നോയലിന് തണലാകുന്നുണ്ട്. ഇവര്‍ക്ക് ആഴ്ച 170 പൗണ്ട് ശിശുക്ഷേമമായി കിട്ടുന്നുണ്ട്. ഭക്ഷണത്തിന് മാത്രം 300 പൗണ്ട് ആഴ്ചയില്‍ കുടുംബത്തിന് വേണ്ടി വരുന്നുണ്ട്.
ദിവസവും 18 പൈന്റ് പാല്, മൂന്ന് ലിറ്റര്‍ ജ്യൂസ്, മൂന്ന് പെട്ടി ധാന്യം എന്നിവ വീതം വരുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകളുടെ പൂരമാണ്. ഇടയ്ക്കിടെ അവള് ഗര്‍ഭനിരോധനം എടുത്തുമാറ്റുമെന്നാണ് കൂട്ടുകാരി കോള്‍ കുറിച്ചത്. എപ്പോഴാണ് ഇത് നിര്‍ത്തുക എന്നാണ് 15 വയസ്സുള്ള മകന് ജെയിംസ് ചോദിച്ചത്. അപ്പന്റെയും അമ്മയുടെയും മനസ്സില്‍ എന്താണെന്നും പയ്യന് ചോദിച്ചു. എന്തായാലും ഇതൊന്നും കേട്ട് തങ്ങള്‍ തളരില്ലെന്നാണ് ഇവരുടെ പക്ഷം. അതിനാല്‍ തന്നെ അടുത്ത കുഞ്ഞിന്റെ വരവും പ്രതീക്ഷിച്ചിരിക്കുകയാണ് ഇരുവരും.