കൊച്ചി: എപ്പോൾവേണമെങ്കിൽ കത്തിയമർന്നേക്കാവുന്ന അഗ്നിഗോളങ്ങൾ ഉള്ളിലമർത്തിയാണ് നഗരത്തിലെ പ്രധാന വ്യാപാര മേഖലയായ ബ്രോഡ് വേയിലെ കടകൾ പ്രവർത്തിക്കുന്നത്. പഴയ കെട്ടിടങ്ങളായതിനാൽ ഇലക്ട്രിക്കൽ വയറിംഗുകളൊക്കെ കലപ്പഴക്കമേറി അപകടാവസ്ഥയിലാണ്. ചെറിയൊരു ഷോർട്ട്സർക്യൂട്ട് ഉണ്ടായാൽപോലും വൻ അഗ്നിബാധിയിലേക്ക് വഴിയൊരുക്കുന്നതിലെ പ്രധാന കാരണവും ഇതാണ്.
അഗ്നിബാധയുണ്ടായാൽ പ്രാഥമിക രക്ഷാമാർഗമെന്ന നിലയിൽ തീ അണയ്ക്കാനുള്ള ഫയർഫൈറ്റിംഗ് സംവിധാനങ്ങൾ ഇവിടെ ഒരു കടകളിലുമില്ല എന്നതും അത്യന്തം ഗൗരവമേറിയതാണ്. അഗ്നിസുരക്ഷാ മനദണ്ഡങ്ങൾ പാലക്കാത്ത കെട്ടിടങ്ങൾക്കെതിരേ നടപടിയെടുക്കുമെന്നൊക്കെ ഓരോ തീപിടിത്തത്തിന് ശേഷവും കോർപറേഷൻ അധികൃതർ വാതോരാതെ പറയുന്നുണ്ടെങ്കിൽ നടപടിയെടുക്കുന്നതിൽ കാര്യശേഷി കാണിക്കുന്നില്ല.
പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളാണ് ബ്രോഡ് വേയിലുള്ളത്. അക്കാലം മുതലുള്ള വയറിംഗുകളും ഇലക്ട്രിക്കൽ ഉപകരണങ്ങളുമാണ് ഇപ്പഴും മിക്ക കടകളിലും. ഇതൊന്നും ആരും പുതുക്കി ഉപയോഗിക്കാറില്ല. അതാണ് അഗ്നിബാധ പോലുള്ള അപകടങ്ങളുടെ പ്രധാന കാരണം. കഴിഞ്ഞ മൂന്നു മാസത്തിനിടെ നഗരത്തിലുണ്ടായ ചെറുതും വലുതുമായ പത്തോളം അഗ്നിബാധകൾക്കു കാരണമായത് ഷോർട്ട് സർക്യൂട്ടാണെന്നു കണ്ടെത്തിയിട്ടുണ്ട്.
മിക്ക സംഭവങ്ങൾ ഉണ്ടായിരിക്കുന്നതും ഇത്തരത്തിൽ കാലപ്പഴക്കം ചെന്ന വയറിംഗുകൾ ഉള്ള കെട്ടിടങ്ങളിലാണ്.
കഴിഞ്ഞ ഫെബ്രുവരി 20ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം കളത്തിപ്പറന്പ് റോഡിലെ ചെരിപ്പ് ഗോഡൗണിന് തീ പിടിച്ച് വൻ അഗ്നിബാധയുണ്ടായ സംഭവത്തിലും ഷോർട്ട് സർക്യൂട്ടായിരുന്നു വില്ലൻ. അഞ്ച് നില കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധ നാലര മണിക്കൂറിനു ശേഷമാണ് അണയ്ക്കാനായത്.
ആറ് കോടിയുടെ നഷ്ടമാണ് അന്നത്തെ തീപിടിത്തത്തിൽ സംഭവിച്ചത്. ഫെബ്രുവരി ആദ്യവാരം പാലാരിവട്ടത്ത് സാനിറ്ററി ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലും വൻ തീപിടിത്തമുണ്ടായി. അവിടെയും ഷോർട്ട് സർക്യൂട്ടായിരുന്നു കാരണം. ജൂണിൽ നോർത്ത് എസ്ആർഎം റോഡിൽ വിദ്യാർഥികൾക്കുള്ള ഡിജിറ്റൽ പഠനോപകരണങ്ങൾ നിർമിക്കുന്ന ഐഡിയൽ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനും തീപിടിച്ചു.
രണ്ടു നിലയുള്ള കെട്ടിടത്തിന്റെ മുകളിൽ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ നിർമിച്ച ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. സമാനമായ സാഹചര്യത്തിലുള്ള ഒട്ടേറെ സ്ഥാപനങ്ങളിലും ഇത്തരത്തിൽ ചെറുതും വലുതുമായ തീപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്. അഗ്നിസുരക്ഷാ സേന നിർദേശിച്ചിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇത്തരം സ്ഥാപനങ്ങളിൽ ഉണ്ടായിരുന്നില്ലെന്നതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ കാരണമായത്.
വ്യാപാര, വാണിജ്യ, പാർപ്പിട സമുച്ഛയങ്ങളിൽ നിർബന്ധമായും അഗ്നിശമന ഉപകരണങ്ങൾ ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. എന്നാൽ പഴയകെട്ടിടങ്ങളിൽ ഇത്തരം സംവിധാനങ്ങൾ കാണാറില്ല. അഗ്നിസുരക്ഷാ നിയമം പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരേ നടപടി സ്വീകരിക്കുമെന്നൊക്കെ മേയറും കൗണ്സിലർമാരുമൊക്കെ പറയാറുണ്ടെങ്കിലും അതൊക്കെ വെറുംവാക്കിൽ ഒതുങ്ങിപ്പോകാറാണ് പതിവ്.
കാക്കനാട് ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലും ഈ വർഷം ആദ്യം വൻ തീപിടിത്തമുണ്ടായിരുന്നു. ഫയർഫോഴ്സിന്റെ 12 യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രളയ ദുരന്ത മാലിന്യങ്ങൾ ഉൾപ്പെടെ ടണ് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളിൽ തീപിടിച്ചതുമൂലം ദിവസങ്ങളോളം ആകാശത്ത് പുകച്ചുരുളുകൾ രൂപപ്പെട്ടിരുന്നു.
2018 ഏപ്രിലിൽ പാലാരിവട്ടത്ത് ഭക്ഷണശാലയിൽ ഗ്യാസ് സിലിണ്ടർ മാറ്റി പിടിപ്പിക്കുന്നതിനിടയിൽ വാതകം ചോർന്ന് തീപിടിത്തമുണ്ടായി. പാചകാവശ്യങ്ങൾക്കായി ആറ് ഗ്യാസ് സിലിണ്ടറുകൾ ഹോട്ടലിൽ സൂക്ഷിച്ചിരുന്നു. ഇതിൽ മൂന്ന് സിലിണ്ടറുകളിൽനിന്ന് ഗ്യാസ് ചോർന്നതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. സമീപമുള്ള വ്യാപാരസ്ഥാപനങ്ങളിലേക്കും തീ പടർന്നെങ്കിലും ആളപായമുണ്ടായിരുന്നില്ല.
പിന്നീട് മേയിൽ എറണാകുളം മാർഷലിംഗ് യാഡിൽ സ്റ്റാഫ് കാന്റീനിൽ സിലിണ്ടറിൽനിന്നു പാചകവാതകം ചോർന്നു തീപിടിത്തമുണ്ടായതും പരിഭ്രാന്തി പരത്തിയിരുന്നു. തീ പടർന്നു പിടിക്കുന്നതിനു മുൻപ് കെടുത്തിയതിനാൽ വൻ അപകടമാണു ഒഴിവായത്.