കൊച്ചി: ബ്രോഡ് വേയിൽ കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായി മൂന്നു കടകൾ കത്തിനശിച്ചതിനു പിന്നാലെ പരിശോധനകൾ കർശനമായിതന്നെ തുടരുമെന്ന മുന്നറിയിപ്പുമായി ഫയർഫോഴ്സ് രംഗത്ത്. എല്ലാ സ്ഥാപനങ്ങളിലും നടത്തിവരുന്ന പരിശോധനകൾ വിട്ടുവിഴ്ചയില്ലാതെ തന്നെ നടത്തുമെന്നും പ്രത്യേക സംഘങ്ങളെതന്നെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
നഗരത്തിലെ വൻകിട കെട്ടിടങ്ങളിലടക്കം നടത്തുന്ന പരിശോധനകളാണു തുടരുമെന്ന് അധികൃതർ വ്യക്തമാക്കുന്നത്. അതിനിടെ, തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങൾക്കു കർശന നിർദേശങ്ങളുമായി കൊച്ചി സിറ്റി പോലീസ് രംഗത്തെത്തി. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ കമ്മീഷണർ കമ്മീഷണർ എസ്. സുരേന്ദ്രൻ സ്ഥാപനങ്ങളുടെ വൈദ്യുതി നിയന്ത്രണ സംവിധാനങ്ങളും വയറിംഗും കുറ്റമറ്റതാണെന്ന് ഉറപ്പാക്കണമെന്നു നിർദേശിച്ചു.
നഗരത്തിലെ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെയും ഫയർ ആൻഡ് റസ്ക്യൂ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്താണു അദേഹം നിർദേശം നൽകിയത്. ജില്ലാ ഫയർ ഓഫീസർ എ.എസ്. ജോജി, സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എസ്.ടി. സുരേഷ് കുമാർ, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ നിർദേശങ്ങളോട് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ അനുകൂലമായി പ്രതികരിച്ചെന്നും പോലീസ് നടപടികൾക്ക് പിന്തുണ അറിയിച്ചെന്നും അധികൃതർ വ്യക്തമാക്കി.
പോലീസിന്റെ പ്രധാന നിർദേശങ്ങൾ
സ്ഥാപനങ്ങളിലെ വൈദ്യുതി നിയന്ത്രണ സംവിധാനങ്ങളും വയറിംഗും കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം.
പരിശോധനയിൽ അപാകത കണ്ടെത്തിയാൽ പരിഹരിച്ചു സ്വയം നിയന്ത്രിത സംവിധാനങ്ങൾ ഏർപ്പെടുത്തണം.
എല്ലാ സ്ഥാപനങ്ങളിലും ഫയർ അലാറം സംവിധാനങ്ങൾ സ്ഥാപിക്കണം.
തീപിടിത്തം ഉണ്ടാകുന്ന സാഹചര്യങ്ങൾ നേരിടാൻ ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകണം. ഇക്കാര്യത്തിൽ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ സേവനം ഉപയോഗപ്പെടുത്താം.
കെട്ടിടങ്ങളുടെ മേൽനിലയും ടെറസുകളും അടച്ചുകെട്ടി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുത്.
സ്റ്റെയർ കേസുകൾ ഗോഡൗണ് ആക്കുന്നത് ഒഴിവാക്കണം.
ഹൗസ് കീപ്പിംഗ് ജീവനക്കാരെ നിയോഗിച്ചു സ്ഥാപനത്തിന് അകത്തും പരിസരങ്ങളിലും തീപിടിത്തം ഉണ്ടാകാൻ സാധ്യതയുള്ള വസ്തുക്കൾ നീക്കണം.
അഗ്നിരക്ഷാ സേനയ്ക്കു വെള്ളം നിറയ്ക്കുന്നതിന് ആവശ്യമായ സ്രോതസും സ്ഥാപന ഉടമകൾ കണ്ടെത്തണം.
ഫയർ എൻജിനുകളുടെ സുഗമമായ സഞ്ചാരത്തിന് സ്ഥാപനങ്ങളുടെ മുൻവശവും ഫുട്പാത്തും ഒഴിച്ചിടണം.
ഉപഭോക്താക്കളുടെ വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യം അതത് സ്ഥാപനങ്ങൾതന്നെ ക്രമീകരിക്കണം.