ശാസ്താംകോട്ട: അതിജീവനത്തിന്റെ നാൾവഴികളിൽ സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഭരണകാലത്തിന്റെ സ്മരണ പുതുക്കി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ഓണ്‍ലൈൻ ഓണാഘോഷം സംഘടിപ്പിച്ചു.
സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി സമാനതകളില്ലാത്ത പ്രവർത്തനമികവിൽ ഒരു പൊൻതൂവൽ തീർക്കാൻ ഇത്തവണത്തെ ഓണാഘോഷത്തിന് സാധ്യമായി. ഹയർസെക്കന്ററി തലം വരെയുള്ള എല്ലാ വിദ്യാർഥികളുടെയും സജ്ജീവസാന്നിധ്യം ആഘോഷത്തെ ആഹ്ലാദത്തിമിർപ്പിലാക്കി.
താളമേളങ്ങളുടെ അകന്പടിയോടെ വീടുകളിൽ കുട്ടികൾ പുലികളി നടത്തി. വഞ്ചികളിലിരുന്നു തുഴഞ്ഞു കൊച്ച് കുട്ടികൾ വഞ്ചിപ്പാട്ടുകൾ ഉറക്കെ പാടി. ഒപ്പം അവരുടെ കുടുംബവും കൂടെ ചേർന്നതാണ് ഇത്തവണത്തെ ഓണാഘോഷത്തെ ഇത്രയേറെ മികച്ചതാക്കിയത്.
മഹാബലിയും മലയാളി മങ്കയുമെല്ലാം നയനമനോഹര കാഴ്ചകളായിരുന്നു. ഓണക്കാലം ഒത്തൊരുമിച്ചു ആഘോഷിച്ച നാളുകളുടെ സ്മരണയെ പുതുക്കുവാനും, സാമൂഹിക അകലം പാലിക്കപ്പെട്ടു ഓണാഘോഷത്തെ നഷ്ടമാക്കാതെ കുട്ടികൾക്ക് സന്തോഷം നൽകുവാൻ ഓണ്‍ലൈൻ ആഘോഷത്തിന് സാധിച്ചു.
ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്തു.സ്കൂൾ ഡയറക്ടർ എബ്രഹാം തലോത്തിൽ കുട്ടികൾക്കായി ഓണസന്ദേശം നൽകി. സ്കൂൾ അസിസ്റ്റന്റ് ഡയറക്ടർ ജൂഡി തോമസ്, പ്രിൻസിപ്പാൾ ബോണിഫേഷ്യ വിൻസെന്റ് എന്നിവർ ആശംസകൾ നൽകി.