പോഷകസമൃദ്ധവും രുചികരവുമായ ഒരു പച്ചക്കറിയാണു ബ്രോക്കോളി. വിറ്റാമിൻ കെ, വിറ്റാമിൻ സി, ക്രോമിയം, ഫോളേറ്റ് എന്നിവയുടെ കലവറയാണ് ബ്രോക്കോളി. ഡയറ്ററി ഫൈബർ,പാന്റോതെനിക് ആസിഡ്, വിറ്റാമിൻ ബി6, വിറ്റാമിൻ ഇ, മാംഗനീസ്, ഫോസ്ഫറസ്, വിറ്റാമിൻ ബി1, വിറ്റാമിൻ എ, പൊട്ടാസ്യം, കോപ്പർ എന്നിവയും ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്.
കാബേജ് ഫാമിലിയിൽപ്പെട്ട ബ്രോക്കോളിയുടെ ചില പോഷകവിശേഷങ്ങളിലേക്ക്…
കാൻസർ പ്രതിരോധം
കോളിഫ്ളവർ, കാബേജ് തുടങ്ങിയ പച്ചക്കറികളെപ്പോലെ കാൻസറിനെതിരേ പോരാടാനും കാൻസർ പ്രതിരോധത്തിനും സഹായകമായ ഘടകങ്ങൾ ബ്രോക്കോളിയിലുണ്ട്. സ്തനാർബുദം, ഗർഭാശയ കാൻസർ എന്നിവയെ പ്രതിരോധിക്കുന്നതിനു സഹായകം.
സന്ധിവീക്കവും നീർക്കെട്ടും തടയുന്നതിന് ബ്രോക്കോളിയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകൾ
ആന്റി ഇൻഫ്ളമേറ്ററി(നീർവീക്കം തടയുന്നത്) സ്വഭാവമുള്ളതാണ്. കൂടാതെ അതിലുള്ള സൾഫോറാഫെയിൻ എന്ന കെമിക്കൽ സന്ധികളുടെ നാശവും സന്ധിവീക്കവും തടയുന്നതിനു സഹായകം. ചുരുക്കത്തിൽ സന്ധിവാതം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ബ്രോക്കോളി സഹായകം.
ആന്റിഓക്സിഡന്റുകൾ
ബ്രോക്കോളിയിലുള്ള ആന്റിഓക്സിഡന്റുകൾ ശരീരത്തിനു പലവിധത്തിൽ ഗുണകരം. വിറ്റാമിൻ സി എന്ന പ്രതിരോധകവചമാണ് ബ്രോക്കോളി ശരീരത്തിനു സമ്മാനിക്കുന്നത്. ബ്രോക്കോളിയിലുള്ള ഫ്ളേവനോയ്ഡുകൾ വിറ്റാമിൻ സിയെ ഫലപ്രദമായി റീസൈക്കിൾ ചെയ്യുന്നതിനു സഹായകം. ബ്രോക്കോളിയിൽ കരോട്ടിനോയ്ഡുകളായ ല്യൂട്ടെയ്ൻ, സീസാന്തിൻ, ബീറ്റാ കരോട്ടിൻ എന്നിവയുമുണ്ട്. ഇവയും ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത ആന്റിഓക്സിഡന്റുകളാണ്.
എല്ലുകളുടെ ആരോഗ്യത്തിന്
ബ്രോക്കോളിയിൽ കാൽസ്യവും വിറ്റാമിൻ കെയും ധാരാളം. എല്ലുകളുടെ ആരോഗ്യത്തിനും പ്രായമായവരിൽ കണ്ടുവരുന്ന എല്ലുകൾ പൊടിയുന്ന ഓസ്റ്റിയോപൊറോസിസ് എന്ന രോഗം തടയുന്നതിനും ഇവ സഹായകം. ബ്രോക്കോളിയിൽ മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും ധാരാളം.അതിനാൽ കുട്ടികൾക്കും പ്രായമുള്ളവർക്കും മുലയൂട്ടുന്ന അമ്മമാർക്കും അനുയോജ്യമായ പച്ചക്കറിയാണു ബ്രോക്കോളി.
ഹൃദയാരോഗ്യത്തിന്..
ഉയർന്ന ഷുഗർ പ്രശ്നങ്ങളുള്ളവരിൽ നീർവീക്കം കാരണം രക്തക്കുഴലുകൾക്കു കേടുപാടു സംഭവിക്കാനുള്ള സാധ്യത ബ്രോക്കോളിയിലുള്ള സൾഫോറാഫെയ്ൻ തടയുന്നു. രക്തസമ്മർദം ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനു സഹായകമായ നാരുകൾ, ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ എന്നിവ ബ്രോക്കോളിയിൽ ധാരാളം. അതിനാൽ ഹൃദയാരോഗ്യത്തിനും ഉത്തമം. ചീത്ത കൊളസ്ട്രോൾ – എൽഡിഎൽ- കുറയ്ക്കുന്നതിനും
സഹായകം
പ്രോട്ടീനിന്റെ ഉറവിടം…
കാർബോഹൈഡ്രേറ്റുകൾ, ദഹനത്തിനു സഹായിക്കുന്ന നാരുകൾ എന്നിവയുടെ ഉറവിടമാണ് ബ്രോക്കോളി. രക്തത്തിലെ പഞ്ചസാര ആരോഗ്യകരമായ തോതിൽ നിലനിർത്താൻ സഹായകം. ബ്രോക്കോളിയിൽ നാരുകൾ ധാരാളം. അമിതഭാരം കുറയ്ക്കുന്നതിനു സഹായകം. സാലഡുകളിൽ ചേർത്തു കഴിക്കുന്നത് ഉത്തമം. ബ്രോക്കോളിയിൽ പ്രോട്ടീനും ധാരാളം.
അതിനാൽ സസ്യാഹാരം മാത്രം ശീലമാക്കുന്നവർക്ക് പ്രോട്ടീനിന്റെ കുറവുണ്ടാകാതിരിക്കാൻ ആഹാരക്രമത്തിൽ ബ്രോക്കോളി വിഭവങ്ങൾ ഉൾപ്പെടുത്തുന്നതു സഹായകം.
ഡീടോക്സിഫിക്കേഷനു സഹായകം
ബ്രോക്കോളിയിൽ നാരുകൾ ധാരാളം. ശരീരത്തിൽ നിന്നു വിഷമാലിന്യങ്ങളെ പുറന്തളളുന്ന പ്രവർത്തനങ്ങൾക്കു സഹായകമാണ് നാരുകൾ.
ബ്രോക്കോളിയിലുള്ള ആന്റിഓക്സിഡന്റുകൾ ശരീരത്തിന്റെ ഡീടോക്സിഫിക്കേഷൻ പ്രവർത്തനങ്ങൾക്കും(വിഷമാലിന്യങ്ങളെ ശരീരത്തിൽ നിന്നു പുറന്തള്ളുന്ന പ്രവർത്തനങ്ങൾ) സഹായകം. ബ്രോക്കോളിയിലുള്ള ഐസോതയോ സയനേറ്റുകൾ അത്തരം പ്രവർത്തനങ്ങൾക്കു സഹായകം.
കൊളസ്ട്രോൾ കുറയ്്ക്കുന്നതിന്
ബ്രോക്കോളിയിൽ ജലത്തിൽ ലയിക്കുന്നതരം നാരുകൾ ധാരാളം. അതു ശരീരത്തിൽ അധികമായുള്ള കൊളസ്ട്രോളിനെ ഒഴിവാക്കുന്നതിനു സഹായകം. ഒരു പ്രത്യേകതരം ബ്രോക്കോളി ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോത് കുറയ്ക്കുന്നതിനു സഹായകമെന്നു പഠനങ്ങളുണ്ട്.
ചർമാരോഗ്യം നിലനിർത്തുന്നതിന്
ചർമത്തിന്റെ തിളക്കവും പ്രതിരോധശക്തിയും മെച്ചപ്പെടുത്തുന്ന ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ സി, ധാതുക്കളായ കോപ്പർ, സിങ്ക് എന്നിവ ബ്രോക്കോളിയിൽ ധാരാളം. ചർമത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്തുന്നതിനും അണുബാധകളിൽ നിന്നു ചർമത്തെ പ്രതിരോധിക്കുന്നതിനും ഇവ സഹായകം. ബ്രോക്കോളിയിലുള്ള വിറ്റാമിൻ കെ, അമിനോ ആസിഡുകൾ, ഫോളേറ്റുകൾ എന്നിവയും ചർമത്തിന്റെ പ്രതിരോധശേഷി നിലനിർത്തുന്നതിനു സഹായകം.
കണ്ണുകളുടെ ആരോഗ്യത്തിന്
ബ്രോക്കോളിയിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, ഫോസ്ഫറസ്, വിറ്റാമിൻ ബി കോംപ്സക്സ്, സി, ഇ എ തുടങ്ങിയ പോഷകങ്ങളുണ്ട്. ഇവ നേത്രാരോഗ്യത്തിനു ഫലപ്രദം. മാകുലാർ ഡീജനറേഷൻ, തിമിരം എന്നിവയിൽ നിന്നു കണ്ണുകൾക്കു സംരക്ഷണം നല്കുന്നു.
യുവത്വം നിലനിർത്തുന്നതിന്
ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള വിറ്റാമിൻ സി ബ്രോക്കോളിയിൽ ധാരാളം. ഇത് പ്രായമാകുന്നതിനെ പ്രതിരോധിക്കുന്നു. പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾക്കു കാരണമായ ഫ്രീ റാഡിക്കലുകളെ പോരാടി തോൽപ്പിക്കുന്നതിന് ആന്റിഓക്സിഡന്റുകൾ സഹായകം. ചർമത്തിൽ ചുളിവുകളും വരകളും പാടുകളും കുറയ്ക്കുന്നതിനു ബ്രോക്കോളി ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നതു ഗുണപ്രദം
– ടിജിബി