സിനിമാമോഹവുമായെത്തിയ തനിക്ക് ഹോളിവുഡില്‍ നിന്ന് ആദ്യകാലത്ത് നേരിടേണ്ടി വന്ന ലൈംഗികപീഡനത്തെക്കുറിച്ച് വെളിപ്പെടുത്തി പഴയകാല സൂപ്പര്‍താരം ബ്രൂക്ക് ഷീല്‍ഡ്.
താരത്തിന്റെ ജീവിതം പറയുന്ന ‘പ്രെറ്റി ബേബി: ബ്രൂക്ക് ഷീല്‍ഡ്’ എന്ന ഡോക്യുമെന്ററി സുഡാനീസ് ഫിലിം ഫെസ്റ്റിവലില്‍ വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചു.
കരിയറിന്റെ തുടക്കത്തില്‍ താന്‍ നേരിട്ട ആദ്യ ലൈംഗിക പീഡനത്തെക്കുറിച്ച് താരം ഇതില്‍ തുറന്നു പറയുന്നുണ്ട്.
20 കളുടെ തുടക്കത്തിലായിരുന്നു താരത്തിന് ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടി വന്നത്. അതേസമയം പീഡിപ്പിച്ചത് ആരാണെന്ന് മാത്രം താരം പറഞ്ഞിട്ടില്ല.
അക്കാലത്തെ തന്റെ ഒരു സുഹൃത്ത് എന്ന് മാത്രമാണ് തന്റെ പീഡകനെക്കുറിച്ച് താരം പറയുന്നത്. ഇതാദ്യമായിട്ടാണ് ഇക്കാര്യം താന്‍ വെളിപ്പെടുത്തുന്നതെന്നും ലാനാ വില്‍സണ്‍ ചെയ്തിരിക്കുന്ന രണ്ടു ഭാഗമുള്ള ഡോക്യുമെന്ററിയില്‍ പറയുന്നു.
ബാലതാരമായി തിളങ്ങിയിട്ടുള്ള ബ്രൂക്ക് ഷീല്‍ഡ് പ്രിന്‍സ് ടോണ്‍ സര്‍വകലാശാലയിലെ പഠനത്തിന് പോയതിനാല്‍ ക്യാമറയുടെ വെളിച്ചത്തില്‍ നിന്നും കുറേക്കാലം അകന്നു നില്‍ക്കേണ്ടി വന്നിരുന്നു.
അതിനു ശേഷം ഹോളിവുഡില്‍ ഒരു പുതിയ തുടക്കം കാത്തിരിക്കുമ്പോഴാണ് തനിക്ക് അവസരം നല്കി ഒരു പുതിയ സിനിമ എടുക്കുന്നു എന്ന് പറഞ്ഞ് അയാള്‍ സമീപിച്ചത്.
”കോളേജില്‍ നിന്നും ഇറങ്ങിയതിന് ശേഷം എന്നില്‍ ഒരാള്‍ താല്പര്യം പ്രകടിപ്പിക്കുന്നത് ആദ്യമായിരുന്നു.” താരം പറഞ്ഞു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…ഞങ്ങള്‍ ഡിന്നറിന് പോയി. അതൊരു വര്‍ക്ക് മീറ്റിംഗ് ആയിരിക്കുമെന്നാണ് കരുതിയത്. എപ്പോഴും എന്നോട് മനോഹരമായി പെരുമാറിയിരുന്ന അയാളെ ഞാന്‍ ഇതിന് മുമ്പും കണ്ടിട്ടുണ്ട്.
എന്നാല്‍ ഉച്ചഭക്ഷണം കഴിഞ്ഞപ്പോഴാണ് ഈ കൂടിക്കാഴ്ചയുടെ മൂഡ് മാറിയത്. എനിക്ക് പോകേണ്ട സമയമായിരുന്നു. എനിക്കൊരു ടാക്സി വേണമെന്ന് പറഞ്ഞപ്പോള്‍ ഹോട്ടലിലേക്ക് വാ താന്‍ വിളിച്ചു തരാമെന്ന് അയാള്‍ മറുപടി പറഞ്ഞു.
അയാളുടെ പുറകേ ഹോട്ടലിലെ മുറിയിലേക്ക് പോയി. തന്നെ തനിയെ വിട്ടിട്ട് കുറെ നേരത്തേക്ക് അയാള്‍ എങ്ങോട്ടേയ്ക്കോ പോയി.
ഏറെ നേരം നിന്നു കഴിഞ്ഞപ്പോള്‍ അസ്വസ്ഥത തോന്നി. ഫോണ്‍ ചെയ്യണമെന്നുണ്ടായിരുന്നു. എന്നാല്‍ എന്റെ ഫോണ്‍ അല്ലാത്തതിനാല്‍ അതിന് മുതിര്‍ന്നില്ല.
അവിടെ താമസിക്കാന്‍ വന്നതല്ലാത്തതിനാല്‍ ഇരിക്കാനും തോന്നിയില്ല. അവിടെയിരുന്ന ഒരു ബൈനോക്കുലര്‍ എടുത്ത് ബീച്ചിലേക്ക് നോക്കിയിരുന്ന സമയത്ത് ഡോര്‍ തുറന്നു അയാള്‍ പുറത്തേക്ക് വന്നു.
പരിപൂര്‍ണ്ണ നഗ്നനായി. ഞാന്‍ ബൈനോക്കലര് എടുത്തു വെയ്ക്കാനൊരുങ്ങുമ്പോള്‍ അയാള്‍ എന്റെ വലതുവശത്ത് തൊട്ടടുത്തെത്തി. പിന്നെ നടന്നത് ഒരു ഗുസ്തിമത്സരം പോലെയാണ് എനിക്ക് തോന്നിയത്.
പ്രതികരിച്ചാല്‍ അയാള്‍ കഴുത്തു ഞെരിച്ച് കൊല്ലുമോ എന്തെങ്കിലും എടുത്ത് തലയ്ക്കടിക്കുമോ എന്ന് പേടിയായി. ശരീരം പൂര്‍ണ്ണമായും മരച്ച അവസ്ഥയിലായി ഞാന്‍.
എന്റെ ഒരു ‘നോ’ കൊണ്ട് ഒന്നുമാകില്ല. ജീവിച്ചിരുന്നാലേ പുറത്ത് കടക്കാനാകൂ എന്ന് ഞാന്‍ ചിന്തിച്ചു. തന്റെ ശരീരം വഴങ്ങിപ്പോകുകയായിരുന്നു എന്നാണ് ഷീല്‍ഡ് പറഞ്ഞത്.
ഇതിന് മുമ്പ് 1981 ല്‍ ഫ്രാങ്കോ സഫിറേലിയുടെ സിനിമ ‘എന്‍ഡ്ലെസ്സ് ലവ്’ ചെയ്യുമ്പോഴും സമാന അനുഭവമുണ്ടായതായി ഷീല്‍ഡ് പറഞ്ഞു. അന്ന് താരത്തിന് വെറും 16 ആയിരുന്നു പ്രായം.
അതില്‍ അനേകം പ്രണയരംഗങ്ങളാണ് ചെയ്യേണ്ടി വന്നത്. സിനിമയില്‍ മുഖത്തെ ലൈംഗികാനന്ദം ചിത്രീകരിക്കാന്‍ ഇറ്റാലിയന്‍ സംവിധായകന് തന്റെ കാല്‍വിരലില്‍ പിടിച്ച് തിരിച്ച് കാമറയ്ക്ക് നേരെ തിരിക്കാറുണ്ടായിരുന്നെന്നും താരം പറഞ്ഞു.
പത്താം വയസ്സില്‍ പ്രകോപനപരമായ രീതിയിലുള്ള നഗ്ന ഫോട്ടോഷൂട്ടിന് ഇരയായിട്ടുണ്ടെന്നും 11 വയസ്സുള്ളപ്പോള്‍ അഭിനയിച്ച പ്രെറ്റിബേബി സിനിമയില്‍ തന്നെ പ്രത്യക്ഷപ്പെടുത്തിയത് ഒരു ബാലവേശ്യയായിട്ട് ആയിരുന്നെന്നും താരം പറയുന്നു.
താരം അഭിനയിച്ച ബ്ലൂലഗൂണ്‍, എന്‍ഡ്ലസ് ലവ്, കാല്വിന് ക്ളെയ്ന്‍ ജീന്‍സിന്റെ പരസ്യം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളുമുണ്ട്.
പിന്നീട് മാധ്യമങ്ങള്‍ ആഘോഷിച്ച താരത്തിന്റെ കന്യകാത്വം, മാതാവിന്റെ മദ്യപാനം ടെന്നീസ് താരം ആന്ദ്രേ അഗാസിയുമായുള്ള ആദ്യ വിവാഹം എന്നിവയെക്കുറിച്ചെല്ലാം പറയുന്നുണ്ട്.
ഷീല്‍ഡ്സിന്റെ സുഹൃത്തുക്കളായ ലയണല്‍ റിച്ചി, ലൗറാ ലിന്നി, ഡ്രൂ ബാരിമൂര് എന്നിവരെക്കുറിച്ചും ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.