ഭിവാനി (ഹരിയാന): എത്ര ധൈര്യശാലിയായാലും തോക്കുമായി വരുന്ന അക്രമിയെ നേരിടാൻ ശ്രമിക്കാറില്ല. എന്നാൽ, ഹരിയാനയിൽ തോക്കുമായി കൊലവിളി നടത്തിയ നാലംഗസംഘത്തെ ഒരു സ്ത്രീ നിർഭയയായി നേരിട്ടു.
അതും ചൂലുകൊണ്ട്! സ്ത്രീയുടെ ചൂൽ പ്രയോഗത്തിൽ വിരണ്ടുപോയ അക്രമിസംഘം സ്ഥലംവിടുകയുംചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഭിവാനി ജില്ലയിലെ ഡാബർ കോളനിയിൽ കഴിഞ്ഞദിവസം രാവിലെയാണ് സംഭവം നടന്നത്. രണ്ടു ബൈക്കുകളിലായെത്തിയ അക്രമിസംഘം വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ഹരികിഷൻ എന്ന യുവാവിനുനേരേ വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റ ഇയാൾ പ്രാണരക്ഷാർഥം വീടിനുള്ളിലേക്ക് ഓടിക്കയറിയപ്പോൾ പിന്നാലെ ചെന്നു വീണ്ടും വെടിവച്ചു. ഇതുകണ്ട് എതിർവശത്തെ വീട്ടിൽനിന്നു പാഞ്ഞുവന്ന സ്ത്രീ കൈയിലിരുന്ന നീളമുള്ള ചൂലുകൊണ്ട് അക്രമികളെ അടിക്കാൻ ശ്രമിച്ചു. അപ്രതീക്ഷിതമായ ആ നീക്കത്തിൽ പകച്ചുപോയ അക്രമികൾ പെട്ടെന്നുതന്നെ ബൈക്കിൽ സ്ഥലംവിടുകയായിരുന്നു.
ഹരികിഷന്റെ ദേഹത്ത് നാലു വെടിയുണ്ടകളേറ്റിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. തോക്കുധാരികൾ തേടിയെത്തിയ ഹരിയ എന്ന ഹരികിഷൻ ചില്ലറക്കാരനല്ലെന്നാണു റിപ്പോർട്ട്.
കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുമായി ബന്ധമുള്ള രവി ബോക്സറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണത്രെ ഇയാൾ. ജാമ്യത്തിലിറങ്ങിയ സമയത്തായിരുന്നു ആക്രമണം. മൂന്നു മാസം മുമ്പ് ഇയാളെ ആക്രമിക്കാൻ ശ്രമിച്ചതിന് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.