കായംകുളം : അച്ഛൻ മരിച്ച് ദിവസങ്ങൾ കഴിയും മുന്‍പ് ഇരട്ടകളായ മക്കളും അകാലത്തിൽ പൊലിഞ്ഞതിന്റെ വേർപാടിൽ മുതുകുളം ഗ്രാമം വിതുന്പുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് മുതുകുളത്ത് വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ച മുതുകുളം തെക്ക് പുത്തൻവീട്ടിൽ(വേലിയിൽ ) പരേതനായ ഉദയനന്റെയും രമണി യുടേയും മക്കളായ അഖിൽ(28 ), അരുണ്‍ (28 ) എന്നീ ഇരട്ട സഹോദരങ്ങളുടെ വേർപാടാണ് ഗ്രാമത്തിന് നൊന്പരമായത്.
ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടോടെ സഹോദരീഭർത്താവ് റെജിയോടൊപ്പം വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ കിടന്ന മരച്ചില്ലകൾ വാരി കരയിലേക്ക് നീക്കുന്നതിനിടെ അഖിൽ മണ്ണെടുത്ത കുഴിയിൽ താഴ്ന്നു പോയി. ഇത് കണ്ട് രക്ഷിക്കാൻ ചാടിയ അരുണും അപകടത്തിൽ പെടുകയായിരുന്നു.
ചാലിന് മറുകര നിന്ന റെജി വടവുമായി ഓടിയെത്തിയപ്പോഴേക്കും ഇരുവരും കയത്തിൽ താഴ്ന്നു പോയിരുന്നു. ഓടിക്കൂടിയ സമീപവാസികൾ ഇരുവരേയും മുങ്ങിയെടുത്ത് ഉടൻ തന്നെ മുതുകുളം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്നാർ റിവുലറ്റ് റിസോർട്ടിലെ സെയിൽസ് മാനേജരായിരുന്നു അഖിൽ. എറണാകുളം ഹെവൻലി ഹോളിഡേയ്സിലെ റിസർവേഷൻ എക്സിക്യൂട്ടീവായിരുന്നു അരുണ്‍. ഈ മാസം 18-നായിരുന്നു റിട്ട. ഗ്രഫ് സൈനികനായിരുന്ന ഇവരുടെ പിതാവ് ഉദയകുമാർ മരണപ്പെട്ടത്.
മരണമറിഞ്ഞ് ജോലി സ്ഥലത്ത് നിന്നും നാട്ടിലെത്തിയ അഖിലും അരുണും ലോക്ക് ഡൗണായതിനാൽ തിരികെ പോയില്ല. കഴിഞ്ഞ ഡിസംബർ 22-നായിരുന്നു അരുണിന്റെ വിവാഹം. ഭാര്യ: വിനീത. സഹോദരി: അഞ്ജന. കനകക്കുന്ന് പോലീസ്മേൽ നടപടികൾ സ്വീകരിച്ചു.
പോസ്റ്റ് മോർട്ടത്തിന് ശേഷം ഇരുവരുടെയും ഭൗതിക ശരീരങ്ങൾ ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.