ചേര്‍ത്തല: മിഷനറീസ് ഓഫ് ഫ്രാന്‍സിസ് ഡി സാലെസ് (എംഎസ്എഫ്എസ്) സഭാംഗവും പ്രമുഖ വാസ്തുശില്പിയുമായ ബ്രദർ ജേക്കബ് വട്ടച്ചിറ (84) അന്തരിച്ചു. മികച്ച വാസ്തുശില്പി ആയി പേരെടുത്ത ബ്ര.ജേക്കബ് പതിമൂന്നു സംസ്ഥാനങ്ങളിലായി സഭയ്ക്കും സമൂഹത്തിനും എണ്ണൂറോളം സ്ഥാപനങ്ങൾ പടുത്തുയർത്തിയിട്ടുണ്ട്.
കുറച്ചുകാലമായി ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമജീവിതത്തിലായിരുന്ന ബ്രദർ ജേക്കബ് തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ഓടെ സഭാ ആസ്ഥാനമായ വിശാഖപട്ടണം സ്റ്റെല്ലാ മാരീസിലാണ് നിര്യാതനായത്. സംസ്കാരം നാളെ രാവിലെ ഒമ്പതിനു സഭാ ആസ്ഥാനത്ത് വിശാഖപട്ടണം ആര്‍ച്ച്ബിഷപ് ഡോ. പ്രകാശ് മല്ലവരപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
അന്നു രാവിലെ 11ന് മാതൃദേവാലയമായ ചേർത്തല കോക്കമംഗലം മാര്തോമ്മാ പള്ളിയിലും അനുസ്മരണ പ്രാർഥന നടക്കും. ചേര്‍ത്തല കോക്കമംഗലം വട്ടച്ചിറ പരേതരായ തോമസ്- കത്രീന ദമ്പതികളുടെ മകനാണ്. പരേതരായ ജോസഫ് വട്ടച്ചിറ, ജോണ്‍ വട്ടച്ചിറ, തോമസ് വട്ടച്ചിറ എന്നിവര്‍ സഹോദരങ്ങളാണ്. സിസ്റ്റർ റോണ്‍സി എഫ്സിസി സഹോദര പൗത്രിയാണ്.
ചേര്‍ത്തല: ബ്രദർ ജേക്കബ് വട്ടച്ചിറയുടെ നിര്യാണത്തിലൂടെ നഷ്ടമായത് പ്രഗല്ഭനായ വാസ്തുശില്പിയെ. നൂറോളം ദേവാലയങ്ങളും എഴുന്നൂറോളം കെട്ടിടങ്ങളും അദ്ദേഹത്തിന്റെ വൈഭവത്തിൽ രൂപംകൊണ്ടു. ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലായി വിശാലമായി കിടക്കുന്നതാണ് അദ്ദേഹത്തിന്റെ സേവന മേഖല. മിഷനറീസ് ഓഫ് ഫ്രാന്‍സിസ് ഡി സാലെസ് (എംഎസ്എഫ്എസ്) സഭയ്ക്ക് മാത്രമല്ല സമൂഹത്തിനു തന്നെ വലിയ നഷ്ടമാണ് ബ്രദർ ജേക്കബ് വട്ടച്ചിറയുടെ വിയോഗം.
മികച്ച ആർക്കിടെക്റ്റ് എന്നു വിലയിരുത്തപ്പെട്ടപ്പോഴും പേരിനും പ്രശസ്തിക്കും പിന്നാലെ പായാത്ത മിഷനറിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹം മാസ്റ്റർ പ്ലാൻ തയാറാക്കി നിർമിച്ച നൂറോളം ദേവാലയങ്ങൾ മാത്രം മതി ഈ പ്രതിഭയുടെ കഴിവ് അടയാളപ്പെടുത്താൻ. കോളജുകൾ, സ്കൂളുകൾ, സന്യാസമഠങ്ങൾ, കൊവേന്തകൾ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ രൂപകല്പനയിൽ പടുത്തുയർത്തപ്പെട്ടു.
ചേര്‍ത്തല കോക്കമംഗലം വട്ടച്ചിറ പരേതരായ തോമസ്- കത്രീന ദമ്പതികളുടെ മകനായി 1934ല്‍ ജനിച്ച ബ്രദർ ജേക്കബ് കോക്കമംഗലം സെന്റ് ആന്റണീസ് സ്കൂളിലും ചേര്‍ത്തല ഗവ.ബോയ്സ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. നാലാം ക്ലാസ് മുതല്‍ ചേര്‍ത്തല ആര്‍ട്ട് സ്റ്റുഡിയോയില്‍ ചിത്രകലയും പഠിച്ചിരുന്ന ബ്ര.ജേക്കബ് ഗ്ലാസ് പെയിന്റിംഗില്‍ ഏറെ പ്രഗല്ഭനുമായിരുന്നു പത്താം ക്ലാസിനു ശേഷം എംഎസ്എഫ്എസ് സഭയില്‍ അംഗമായി.
സഭാ പ്രൊവിന്‍ഷ്യല്‍ ആസ്ഥാനമായ വിശാഖപട്ടണത്ത് 1962 ഏപ്രില്‍ 26ന് പ്രഥമ വ്രതവാഗ്ദാനവും 1965 ഏപ്രില്‍ 26ന് നിത്യവ്രത വാഗ്ദാനവും പൂര്‍ത്തിയാക്കി. ബ്രദർ ജേക്കബിലെ കലാകാരനെ തിരിച്ചറിഞ്ഞ സഭാനേതൃത്വം ഡല്‍ഹിയില്‍ അയച്ച് ആര്‍ക്കിടെക്ചറില്‍ ഉന്നത വിദ്യാഭ്യാസം നല്കി. തുടര്‍ന്നുള്ള കാലം എംഎസ്എഫ്എസ് സഭ ചുമതലപ്പെടുത്തിയ എല്ലാ നിര്‍മാണങ്ങള്‍ക്കും രൂപരേഖ തയാറാക്കി നിര്‍മാണ ചുമതല വഹിച്ചിരുന്നത് ബ്രദർ ജേക്കബ് ആയിരുന്നു. ദീര്‍ഘകാലം സഭാ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലിലും അംഗമായിരുന്നു.
1987 ഏപ്രില്‍ 26ന് സില്‍വര്‍ ജൂബിലിയും 2012 ഏപ്രില്‍ 25ന് സുവര്‍ണ ജൂബിലിയും വിശാഖപട്ടണത്ത് ആഘോഷിച്ചു. തുടര്‍ന്ന് മാതൃദേവാലയമായ കോക്കമംഗലം മാര്തോമ്മാ ഇടവക സമൂഹവും അദ്ദേഹത്തെ ആദരിച്ചിരുന്നു. സേവനം ദൈവശുശ്രൂഷയുടെ ഭാഗമാണെന്നു പൂര്‍ണമായും വിശ്വസിച്ചിരുന്ന ബ്രദർ ജേക്കബ് ഒരിക്കലും പ്രശസ്തിയോ അംഗീകാരമോ ആഗ്രഹിച്ചിരുന്നില്ല. അനുമോദനം നൽകാനായി സമീപിച്ചവരെ അങ്ങേയറ്റം വിനയത്തോടെ തിരിച്ചയച്ച ചരിത്രമായിരുന്നു അദ്ദേഹത്തിന്റേത്. സംസ്കാര ശുശ്രൂഷ നടക്കുന്ന നാളെ രാവിലെ 11ന് കോക്കമംഗലം പള്ളിയിലും പ്രത്യേക അനുസ്മരണ ശുശ്രൂഷ നടക്കും.