കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു പുതുക്കിടി ശശിയാണ് ബിജെപിയില്‍ ചേര്‍ന്നത്.
വിവിധ വിഷയങ്ങളിലുള്ള സിപിഎം നിലപാടില്‍ പ്രതിഷേധിച്ചാണ് കൂത്തുപറമ്പ് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ് വര്‍ഷങ്ങളായി കിടക്കയില്‍ കഴിയുന്ന പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ, പി പ്രകാശ് ബാബുവാണ് മെമ്പര്‍ഷിപ്പ് നല്‍കിയത്. പാര്‍ട്ടിയില്‍ ചേര്‍ന്ന കാര്യം ബിജെപി കണ്ണൂര്‍ ജില്ലാഘടകത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.
ബിജെപി കണ്ണൂര്‍ ജില്ലാഘടകത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരനും സിപിഎം സജീവ പ്രവര്‍ത്തകനുമായ ശശി ബിജെപി അംഗത്വമെടുത്തു.
കണ്ണൂരില്‍ ബിജെപി തലശേരി മണ്ഡലം ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ആണ് അദ്ദേഹം അംഗത്വമെടുത്തത്. സി പി എമ്മിന്റെ നിലപാടിലെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് സഹോദരന്‍ സി പി എമ്മില്‍ നിന്ന് രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്.
ഇനി ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് പുഷ്പന്റെ സഹോദരന്‍ ശശി അറിയിച്ചു. ഇനിയും കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് എത്തി ചേരുമെന്നും കൂടുതല്‍ കാര്യങ്ങള്‍ പരസ്യമായി പിന്നീട് പറയാമെന്നും അദ്ദേഹം അറിയിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ശശിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു
പുഷ്പനെ അറിയാമോ സഖാവ് പുഷ്പനെ അറിയാമോ.. ഈ ?ഗാനം ഒരു തവണയെങ്കിലും കേള്‍ക്കാത്ത മലയാളിയുണ്ടാകില്ല. അവശതയുടെ കിടക്കയില്‍ ഇരുപത്തിയാറ് വര്‍ഷങ്ങള്‍ തികയ്ക്കുകയാണു പുഷ്പന്‍. കേരളത്തിലെ സിപിഎമ്മിന് പുഷ്പനെക്കാള്‍ വലിയ വൈകാരിക പ്രതീകമില്ല.
ചെറുകുടലില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ, ആഴ്ചകള്‍ നീണ്ട ആശുപത്രിവാസം. ദേഹപീഡകള്‍ പുഷ്പനെ വിട്ടൊഴിയുന്നതേയില്ല. 27-ാം കൂത്തുപറമ്പ് രക്തസാക്ഷിത്വദിനം ആചരിക്കാനുള്ള ഒരുക്കത്തിലാണു സംഘടനയും പാര്‍ട്ടിയും.
രക്തസാക്ഷിത്വദിനാചരണ വേദികളില്‍ ഇക്കുറി പുഷ്പന്റെ സാന്നിധ്യമുണ്ടാകുമോ എന്നുറപ്പില്ല. ഇരുപത്തിനാലാണ്ട് മലര്‍ന്നു മാത്രം കിടന്ന ശരീരത്തില്‍ കഴിഞ്ഞിട്ടും, പണ്ട് നിറതോക്കിനു മുന്‍പിലേക്ക് എടുത്തുചാടിയിടത്തു തന്നെയാണു മനസ്സ്. പക്ഷേ, അകത്തും പുറത്തും വേദന പേറുന്ന ശരീരം ചെറുയാത്രയ്ക്കുപോലും പുഷ്പനെ അനുവദിക്കുന്നില്ല.
വര്‍ഷംതോറും കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി സൗകര്യപൂര്‍വം കൂത്തുപറമ്പ് സ്മരണകള്‍ മറന്നിട്ടുമുണ്ട്.
പാര്‍ട്ടി ഭരണകാലത്ത് സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയപ്പോഴോ, പരിയാരം മെഡിക്കല്‍ കോളജിന്റെ ഭരണം പിടിച്ചപ്പോഴോ മാത്രമല്ലത്.
കൂത്തുപറമ്പ് വെടിവയ്പില്‍ പാര്‍ട്ടി പ്രതിസ്ഥാനത്തു നിര്‍ത്തിയ എംവിആറിനെ രണ്ടു പതിറ്റാണ്ടിനുശേഷം രാഷ്ട്രീയാലിംഗനം ചെയ്തതു കേരളം കണ്ടു. അദ്ദേഹത്തിന്റെ മകനു നിയമസഭാ സീറ്റും സമ്മാനിച്ചു.
പാര്‍ട്ടിക്കപ്പുറം ഒരു വാക്കില്ലാത്ത പുഷ്പന്‍ ഒരെതിര്‍ശബ്ദവും ഉയര്‍ത്തിയില്ല. അതിനാല്‍ തന്നെ പുഷ്പന്റെ സഹോദരന്‍ ബിജെപിയിലേക്ക് കൂടുമാറിയതിനോട് പാര്‍ട്ടി എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണണം.