ബാഴ്സലോണ: ബ്രസീലിയന്‍ ടീമിലെ അപൂര്‍വ സഹോദരങ്ങളാണ് നെയ്മറും ഡാനി ആല്‍വ്സും. നെയ്മര്‍ ബാഴ്സയിലെത്തിയപ്പോഴും അവിടെ സഹായത്തിന് ഡാനി ഉണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ സീസണില്‍ ഡാനി ആല്‍വ്സ് ക്ലബ് വിട്ട് യുവന്റസില്‍ ചേക്കേറി. എന്നിരുന്നാലും ഇരുവരുടെയും സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിരുന്നില്ല.
എന്നാല്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരുവര്‍ക്കും നേര്‍ക്കുനേര്‍ പോരാടേണ്ടിവന്നു. ആദ്യപാദത്തില്‍ നെയ്മറെ പൂട്ടാനുള്ള ഉത്തവാദിത്വം ഡാനിയെയായിരുന്നു യുവെ മാനേജ്മെന്റ് ഏല്‍പ്പിച്ചിരുന്നത്. അത് അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു. അതോടെ ആദ്യപാദത്തില്‍ മൂന്നു ഗോളുകള്‍ ബാഴ്സ വാങ്ങിക്കൂട്ടി.
ഒന്നുപോലും തിരിച്ചടിക്കാനായില്ല. ന്യൂകാമ്പിലെ രണ്ടാംപാദത്തിലും ഡാനിയായിരുന്നു നെയ്മറുടെ പ്രധാന വെല്ലുവിളി. എങ്കിലും ഒരുപരിധിവരെ ഡാനിയെ മറികടന്ന് മുന്നേറാന്‍ നെയ്മര്‍ക്കായി. എന്നാല്‍, ഗോള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായതിന്റെ ഞെട്ടലില്‍ കണ്ണീരോടെയാണ് സൂപ്പര്‍ താരം നെയ്മര്‍ ഗ്രൗണ്ട് വിട്ടത്.
കണ്ണീരോടെ കളത്തില്‍ നിന്ന നെയ്മറെ ആശ്വസിപ്പിക്കാന്‍ മുന്‍ ബാഴ്സ താരം കൂടിയായ ഡാനി ആല്‍വസ് എത്തിയത് ഹൃദയഭേദകമായിരുന്നു. നെയ്മറെ നെഞ്ചോടു ചേര്‍ത്ത് ആശ്വസിപ്പിക്കുന്ന ഡാനിയുടെ പടം സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഇരുവരുടെയും സൗഹൃദത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു ഈ ചിത്രം.
താന്‍ ജീവനു തുല്യം സ്നേഹിച്ച ക്ലബ്ബായ ബാഴ്സലോണയെ പരാജയപ്പെടുത്തിയതില്‍ ഡാനിക്കു വലിയ ആഹ്ലാദമൊന്നുമില്ല. ബാഴ്സയ്ക്കെതിരേ കളിക്കാനിടവരരുതേ എന്നായിരുന്നുവത്രേ ഡാനിയുടെ പ്രാര്‍ഥന. നെയ്മറെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചുകൊണ്ട് ഡാനി പറഞ്ഞു., ജയവും തോല്‍വിയും ഫുട്ബോളില്‍ സാധാരണം. തോല്‍വി മറന്നേക്കൂ. കൂടുതല്‍ വിജയങ്ങള്‍ നിന്നെ തേടി വരും -ആല്‍വ്സ് പറഞ്ഞു.
നെയ്മറെ ആശ്വസിപ്പിക്കാന്‍ യുവന്റസ് താരം പാവ്ലോ ഡൈബലയും ബാഴ്സയിലെ ജോര്‍ഡി ആല്‍ബയും ഓടിയെത്തിയത് കൗതുകമായി. ഒരേ സമയം വേദനയും സന്തോഷവും നല്‍കുന്നതാണ് വിജയമെന്ന് ഡാനി ആല്‍വ്സ് പറഞ്ഞു. ആല്‍വ്സ് ബാഴ്സയിലായിരു്ന്നപ്പോള് ആറ് തവണ ലാലിഗയിലും മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗിലും ബാഴ്സ മുത്തമിട്ടു.