കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന സ്വഭാവമുള്ള നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. അവര്‍ക്കെന്ത് കൊറോണ, എന്ത് എബോള. ലോകം കൊറോണ ഭീതിയില്‍ വിറങ്ങലിച്ചിരിക്കുമ്പോള്‍ ഈ ദുരവസ്ഥ മുതലാക്കാനൊരുങ്ങിയ ടെന്നസിയിലെ രണ്ടു സഹോരദന്മാരാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.
അമേരിക്കയിലെ ആദ്യത്തെ കൊറോണാ മരണം റിപ്പോര്‍ട്ട് ചെയ്ത കെന്റുക്കിയില്‍ ഈ മാസം ആദ്യമെത്തിയ ടെന്നസി സ്വദേശികളായ നോട്ട്, നോവ കോള്വിന് സഹോദരങ്ങള്‍ അവിടെ കണ്ടത് പെട്ടെന്ന് ധനികരാകാനുള്ള മാര്‍ഗ്ഗമായിരുന്നു.
ഡോളര്‍ ട്രീ, വാള്‍മാര്‍ട്ട്, സ്റ്റേപ്പിള്‍സ് തുടങ്ങിയവരുടെ വിവിധ ഷോറൂമുകളില്‍ നിന്നായി ആയിരക്കണക്കിന് ഹാന്‍ഡ് സാനിറ്റൈസറുകളും ആന്റീബാക്ടീരിയല്‍ വൈപ്പുകളും വാങ്ങിക്കൂട്ടുകയാണ് ഇവര്‍ ആദ്യം ചെയ്തത്. പിന്നീട് ഇവര്‍ ഇതൊക്കെ തങ്ങളുടെ ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിലൂടെ വിറ്റഴിക്കുവാന്‍ ശ്രമമാരംഭിക്കുകയും ചെയ്തു.
ഒരു ഡോളറിന് വാങ്ങിയ സാനിറ്റൈസര്‍ 70 ഡോളര്‍ വിലയിട്ടാണ് ഇവര്‍ വിറ്റുകൊണ്ടിരുന്നത്. രാജ്യമാകമാനം വ്യാപിച്ച കൊറോണാ ഭീതിയും സാനിറ്റൈസറിന്റെ ലഭ്യതക്കുറവും മുതലെടുത്ത് ഇവര്‍ക്ക് കുറേയെറെ സാനിറ്റൈസറുകള്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുവാനും കഴിഞ്ഞു.
എന്നാല്‍ അധികം താമസിക്കാതെ തന്നെ ഇവരുടെ തന്ത്രം ജനങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.
കടുത്ത നടപടികളുമായി അധികാരികള്‍ ഇറങ്ങിയപ്പോള്‍ അത് ഒഴിവാക്കുവാനായി കോള്വിന് സഹോദരങ്ങള്‍ ബാക്കിവന്നവ സൗജന്യമായി വിതരണം ചെയ്തു. ഇതിനിടയില്‍ ഈ കരിഞ്ചന്ത ശ്രദ്ധയില്‍പ്പെട്ട ആമസോണ്‍ ഇവരുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ പൂട്ടുകയും ചെയ്തിരുന്നു.
എന്നാല്‍, സാധനങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു എന്നതുകൊണ്ട് ഈ സഹോദരങ്ങള്‍ക്ക് നേരേ നിയമനടപടികള്‍ ഉണ്ടാകില്ല എന്നര്‍ത്ഥമില്ലെന്ന് ടെന്നസി അറ്റൊര്‍ണി ജനറലിന്റെ വക്താവ് വ്യക്തമാക്കി.
അവര്‍ നേരത്തേ കരിഞ്ചന്തയില്‍ ഇവ വിറ്റിട്ടുണ്ട് എന്ന് തെളിഞ്ഞാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും വക്താവ് അറിയിച്ചു. മാസ്ക്കുകളും സാനിറ്റൈസറുകളും വിലകൂട്ടി വില്‍ക്കുന്ന പ്രവണത ഇന്ത്യയിലും ഇപ്പോള്‍ സജീവമായിരിക്കുകയാണ്.