നടൻ കലാഭവൻ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം നടൻ പൃഥ്വിരാജാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. പൃഥ്വി നായകനാകുന്ന ചിത്രം ഒരു കോമഡി ആക്ഷൻ എന്റർടെയ്നറായിരുക്കുമെന്നാണ് സൂചന.
ചിത്രത്തിൽ ഒരു ഇവന്റ് മാനേജ്മെന്റ് കന്പനിയിലെ കാറ്ററിംഗ് തൊഴിലാളിയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. റോണി എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. ഐശ്വര്യലക്ഷ്മി, പ്രയാഗ മാർട്ടിൻ, മിയ, ഐമ എന്നിങ്ങനെ നാല് നായികമാരാണ് ചിത്രത്തിൽ ഉള്ളത്.
ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിൽ ലാൽ, ധർമജൻ ബോൾഗാട്ടി, വിജയ രാഘവൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തമിഴ് നടൻ പ്രസന്നയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷാജോണ്‍ തന്നെ രചനയും നിർവ്വഹിച്ചിരിക്കുന്ന ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തും.
“ബ്രദേഴ്സ് ഡേ’യ്ക്ക് ശേഷം ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസിലാണ് പൃഥ്വി ആഭിനയിക്കുന്നത്. “ഹണി ബീ 2’ന് ശേഷം ജീൻ പോൾ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. “9′ എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം കൂടിയാണ് “ഡ്രൈവിംഗ് ലൈസൻസ്’.