സ്വവര്‍ഗാനുരാഗികളെ ഞെട്ടിച്ച് ബ്രൂണെ ! സ്വവര്‍ഗരതിയിലും വ്യഭിചാരത്തിലും ഏര്‍പ്പെടുന്ന ആളുകളെ കല്ലെറിഞ്ഞു കൊല്ലുന്ന നിയമം ഏപ്രില്‍ മൂന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും; പുതിയ നിയമ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ…

സ്വവര്‍ഗരതിയിലും വ്യഭിചാരത്തിലും ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശനശിക്ഷയുമായി ബ്രൂണെ ഗവണ്‍മെന്റ്. കുറ്റക്കാരെ കല്ലെറിഞ്ഞ് കൊല്ലാനാണ് ബ്രൂണെയിലെ പുതിയ നിയമം അനുശാസിക്കുന്നത്. ഏപ്രില്‍ മൂന്ന് മുതല്‍ ഈ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരും. പുതിയ നിയമപരിഷ്‌കാരമനുസരിച്ച് മോഷണക്കുറ്റത്തിന് ആദ്യതവണ പിടിക്കപ്പെട്ടാല്‍ വലതുകൈ മുറിച്ചുമാറ്റും. രണ്ടാമതും മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ഇടതുകാലും അറുത്തുമാറ്റും.

കഴിഞ്ഞ ഡിസംബറിലാണ് സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലണമെന്ന നിയമം നടപ്പിലാക്കാന്‍ നിര്‍ദ്ദേശമുയര്‍ന്നത്. ഇതനുസരിച്ച് ഭരണകൂടം പുതിയ നിയമങ്ങളും വകുപ്പുകളും നിര്‍മ്മിക്കുകയും ചെയ്തു. ഏപ്രില്‍ മൂന്നിന് പരിഷ്‌കരിച്ച നിയമങ്ങളെ സംബന്ധിച്ചും പുതിയ ശരീഅത്ത് നിയമാവലിയെ സംബന്ധിച്ചും ബ്രൂണെ സുല്‍ത്താന്‍ പ്രഖ്യാപനം നടത്തും. അതേസമയം സ്വവര്‍ഗരതിക്കും വ്യഭിചാരത്തിനും വധശിക്ഷ നടപ്പിലാക്കുന്നതിനെതിരേ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരാണ് പ്രതിഷേധമറിയിച്ചത്.

വധശിക്ഷ നടപ്പിലാക്കുന്നത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും ഇത് രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നുമാണ് നിയമത്തെ എതിര്‍ക്കുന്നവരുടെ വാദം. സംഭവം വിവാദമായതോടെ പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നത് അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ബ്രൂണെ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ ഏപ്രില്‍ മൂന്നിന് ബ്രൂണെ സുല്‍ത്താന്‍ പുതിയ നിയമത്തെ സംബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചത്.വ്യഭിചാരത്തിനും സ്വവര്‍ഗ ലൈംഗികതയ്ക്കും കര്‍ശനശിക്ഷ നല്‍കാന്‍ ഭരണകൂടം മുമ്പുതന്നെ തീരുമാനിച്ചിരുന്നു. സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയ ഭരിക്കുന്ന ബ്രൂണെയില്‍ സ്വവര്‍ഗരതി നേരത്തെ തന്നെ നിയമ വിരുദ്ധമാണ്. എന്നാല്‍ ഇപ്പോള്‍ വധശിക്ഷ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

Related posts