സുൽത്താൻ ബത്തേരി: ലഹരി കടത്തുകാരെയും വിൽപ്പനക്കാരെയും പിടികൂടാൻ ബ്രൂണോ എത്തി. പോലീസിനൊപ്പം ലഹരിവേട്ടയ്ക്ക് മുന്നിൽനിൽക്കാൻ ഇനിമുതൽ ബ്രൂണോ എന്ന നായയും ഉണ്ടാകും. വയനാട് നാർക്കോട്ടിക് സെല്ലിലാണ് ബ്രൂണോയുടെ സേവനം. ഒരു വയസുള്ള ഡോബർമാൻ ഇനത്തിൽപ്പെട്ട ബ്രൂണോ രണ്ടുദിവസം മുന്പാണ് ജില്ലയിലെത്തിയത്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കണ്ടെത്താൻ ഹരിയാണ ഐടിപിപിയിൽനിന്ന് പ്രത്യേക പരിശീലനം നേടിയിട്ടുണ്ട് ബ്രൂണോ.
`വയനാട്ടിലെത്തിയ ബ്രൂണോയുടെ ആദ്യ ദൗത്യം ബത്തേരിയിലായിരുന്നു. പാൻമസാലകൾ മണത്ത് കണ്ടുപിടിച്ച് ആദ്യ ദൗത്യം ബ്രൂണോ വിജയകരമാക്കി. കഴിഞ്ഞ ദിവസം കഐസ്ആർടിസി ഡിപ്പോ പരിസരം, പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. പഴയ ബസ് സ്റ്റാൻഡിലെ ഒരു കടയിൽനിന്ന് ബ്രൂണോ പാൻമസാലകൾ മണത്ത് കണ്ടുപിടിച്ചു.
കടയുടമ ബീനാച്ചി സ്വദേശി അസീസ് (48) അറസ്റ്റിലുമായി. മറ്റു സ്ഥലങ്ങളിലെ ചില കടകളിലും ബ്രൂണോ കയറിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മുന്പ് ഇവിടെ ലഹരി വസ്തുക്കൾ കച്ചവടം ചെയ്തിരുന്നതിനാലാണ്, അതിന്റെ മണം പിടിച്ച് നായ കടകളിൽ കയറിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ബ്രൂണോ വന്നതോടെ ജില്ലയിലെ ഡോഗ് സ്ക്വാഡിന് അഞ്ച് നായ്ക്കളായി. പുത്തൂർവയലിലെ ആർആർടി ക്യാന്പിലാണ് ബ്രൂണോയുടെ താമസം. മറ്റ് ജില്ലകളിലും നർക്കോട്ടിക് സെൽ നായകളുടെ സേവനം ഉപയോഗിച്ചുവരുന്നുണ്ട്. ഇടുക്കിയിലാണ് കഞ്ചാവ് പിടികൂടുന്നതിനായി ആദ്യം നായകളെ ഉപയോഗിച്ചത്. ഇത് വൻ വിജയമായതോടെയാണ് മറ്റു ജില്ലകളിലും നായകളെ ഉപയോഗിക്കാൻ തുടങ്ങിയത്. വരും ദിവസങ്ങളിൽ ജില്ലയിൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ പറഞ്ഞു.