തൊടുപുഴ: മൃഗസംരക്ഷണ വകുപ്പിന്റെ തൊടുപുഴ കോലാനി പൗൾട്രി ഫാമിലെ പന്നികളിൽ ബ്രൂസില്ല വൈറസ് കണ്ടെത്തിയത് ആശങ്ക പരത്തി.
രോഗം മനുഷ്യരിലേക്കു പകരാൻ സാധ്യതയുള്ളതിനാൽ രോഗം കണ്ടെത്തിയ 20 പന്നികളെ അനിമൽ വെൽഫയർ ബോർഡിന്റെ നിർദേശപ്രകാരം മൃഗസംരക്ഷണ വകുപ്പ് കൊന്നു കുഴിച്ചുമൂടി.
11 വലിയ പന്നികളെയും ഒൻപതു കുഞ്ഞുങ്ങളെയുമാണ് കൊന്നത്. അതേസമയം, നാട്ടുകാർക്ക് ആശങ്ക വേണ്ടെന്നും മുൻകരുതൽ സ്വീകരിച്ചതായും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
ഫാമിൽ പന്നികളുടെ രക്തസാന്പിൾ പരിശോധനയിലാണ് ബ്രൂസില്ല വൈറസ് കണ്ടെത്തിയത്. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല റീജണൽ ലാബ്, തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
തുടർന്നു വൈറസ് ബാധ കണ്ടെത്തിയ പന്നികളെ ഫാമിൽതന്നെ കൊല്ലുകയായിരുന്നു. പിന്നീട് ഗേറ്റടച്ചു ഫാമിലേക്കു പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ, ആശങ്ക വേണ്ടെന്നും നാട്ടുകാർക്കും ഫാമിലെ ജീവനക്കാർക്കും ബോധവത്കരണം നൽകുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
ഫാമിലെ ജീവനക്കാർക്കും ഡോക്ടർമാർക്കും ആരോഗ്യ പരിശോധനയും നടത്തി. ആറു മാസം ഫാമിന്റെ പ്രവർത്തനം പ്രത്യേകമായി നിരീക്ഷിക്കും.
ബ്രൂസില്ല വൈറസ്
തൊടുപുഴ: ബ്രൂസില്ല വൈറസിനെ ഭയപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. മൃഗങ്ങളുമായി നിരന്തരം സന്പർക്കം പുലർത്തുന്നവർക്കു ചാണകത്തിലൂടെയും മൂത്രത്തിലൂടെയും മറ്റും ഈ വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ട്. മൃഗങ്ങളുടെ പ്രസവസമയത്തെ സ്രവങ്ങളിലൂടെയും വൈറസ് ബാധിക്കാം.
ഇടവിട്ടുള്ള പനി, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങൾ. യഥാസമയം കൃത്യമായ ചികിത്സ തേടിയാൽ ഭയപ്പെടേണ്ടതില്ല. എന്നാൽ, കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയുമുണ്ട്.