പറവൂർ: നവവധുവിന് ഭർതൃവീട്ടിൽ വച്ച് ക്രൂരമായി മർദനമേറ്റ സംഭവത്തിൽ യുവതിയുടെ അച്ഛൻ മുഖ്യമന്ത്രിക്കും റൂറൽ എസ്പിക്കും പരാതി നൽകി. സംഭവം നടന്ന പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽനിന്നും പെൺകുട്ടിയുടെ സ്റ്റേഷൻ പരിധിയിലേക്ക് കേസിന്റെ അന്വേഷണ ചുമതല മാറ്റണമെന്നും പിതാവ് ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു പറവൂർ സ്വദേശിയായ പെൺകുട്ടിയും കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർകുളം സ്നേഹതീരത്തിൽ രാഹുലും തമ്മിലുള്ള വിവാഹം. മാട്രിമോണി വെബ്സൈറ്റ് വഴിയാണ് ആലോചന വന്നത്. വിവാഹത്തിന്റെ ഏഴാം നാൾ വരന്റെ വീട്ടിൽ അടുക്കള കാണൽ ചടങ്ങിനായി പലഹാരങ്ങളും സമ്മാനങ്ങളുമായാണ് 26 അംഗം സംഘം രാഹുലിന്റെ വീട്ടിലെത്തിയത്. അപ്പോഴാണ് ദേഹമാസകലം പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടത്.
നെറ്റി മുഴച്ചിരിക്കുകയായിരുന്നു. തലയിൽ തൊടാനാവാത്ത വിധം കടുത്ത വേദനയും, മുക്കിൽനിന്നു ചോരയൊലിച്ചതിന്റെ ലക്ഷണവും ഉണ്ടായിരുന്നു. കാര്യം തിരക്കിയ വീട്ടുകാരോട് ശുചിമുറിയിൽ തെന്നിവീണെന്നാണ് പെൺകുട്ടി പറഞ്ഞത്. അങ്ങനെ പറയണമെന്നു രാഹുൽ യുവതിയോട് ആവശ്യപ്പെട്ടിരുന്നെന്നും വീണ്ടും തിരക്കിയപ്പോഴാണ് ക്രൂരമായ മർദനത്തിന്റെ കഥയറിഞ്ഞതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
അടച്ചിട്ട എസി മുറിയിലായിരുന്നു മർദനം. തന്നെ രാഹുൽ ബെൽറ്റ് കൊണ്ട് അടിച്ചെന്നും മൊബൈൽ ചാർജറിന്റെ കേബിൾ കഴുത്തിൽ കുരുക്കി കൊല്ലാൻ ശ്രമിച്ചെന്നും യുവതി പറഞ്ഞു. തലയിലും ദേഹത്തും ശക്തമായി ഇടിക്കുകയും ചവിട്ടുകയും ചെയ്തു. മർദനത്തിൽനിന്ന് രക്ഷപ്പെടാനായി മുറിയുടെ പുറത്തേക്ക് ഓടാൻ ശ്രമിച്ചപ്പോഴാണ് പെൺകുട്ടിയെ ബെൽറ്റ് കൊണ്ട് അടിച്ചു വീഴ്ത്തിയത്. ദേഹത്ത് കയറി ഇരുന്ന് ഓരോ ചോദ്യങ്ങൾ ചോദിച്ച് തലയ്ക്ക് മർദിക്കുന്നതായിരുന്നു പ്രധാന വിനോദം. പിന്നീട് തല തടവിക്കൊടുക്കുകയും വെള്ളം കൊടുത്ത് ആശ്വസിപ്പിക്കുകയും ചെയ്ത ശേഷം മർദനം തുടരും. സാഡിസ്റ്റ് രീതിയിലുള്ള പെരുമാറ്റവും സംശയവുമായിരുന്നു ഇയാൾക്കെന്ന് പെൺകുട്ടി ബന്ധുക്കളോട് പറഞ്ഞു.
ക്രൂര മർദനം നടന്നെന്ന് വ്യക്തമായതിനെ തുടർന്ന് പെൺകുട്ടിയെ ഫറോക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകിയശേഷം പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെത്തി. എന്നാൽ, പോലീസ് ഇൻസ്പെക്ടറുടെ ഭാഗത്തുനിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്നു പെൺകുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണിക്ക് സ്റ്റേഷനിലെത്തിയ പെൺകുട്ടിയുടെ വീട്ടുകാർ രാത്രി ഏഴ് മണിക്ക് ശേഷമാണ് പറവൂരിലേക്ക് തിരിച്ചത്. തങ്ങൾ പറവൂരിലേക്ക് തിരിക്കും മുൻപേ രാഹുലിനെ സ്റ്റേഷനിൽനിന്ന് വിട്ടയച്ചെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു.
പെൺകുട്ടിയെ തിങ്കൾ പകൽ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗൺസിലിംഗിനും വിധേയയാക്കി. സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി സ്കാനിംഗും നടത്തി. പെൺകുട്ടിയുടെ തലയുടെ സ്കാനിംഗ് നടത്തിയതിന്റെ റിസൾട്ട് ഇന്ന് ലഭിക്കും.
കോട്ടയം സ്വദേശികളായ രാഹുലിന്റെ കുടുംബം നാലര വർഷം മുൻപാണ് പന്നിയൂർകുളത്ത് താമസമാക്കിയത്. ജർമനിയിൽ എയ്റോനോട്ടിക്കൽ എൻജിനീയറാണ് രാഹുൽ. തിരുവനന്തപുരത്ത് ഐടി കമ്പനിയിൽ എൻജിനീയറാണ് യുവതി. തന്റെ മകളെ ക്രൂര മർദനത്തിന് ഇരയാക്കിയ രാഹുലിനെതിരേ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഇനിയൊരു പെൺകുട്ടിക്കും ഈ ദുരനുഭവം ഇല്ലാതിരിക്കാൻ നടപടി വേണമെന്നും പിതാവ് പറഞ്ഞു.