അട്ടപ്പാടിയിലെ മധു കേരളത്തിന്റെ നോവായി മാറിയിട്ട് അഞ്ചു വര്‍ഷം പിന്നിടുന്ന വേളയില്‍ സമാനമായ സംഭവം ആവര്‍ത്തിച്ചത് കേരള ജനതയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.
മലപ്പുറം കിഴിശ്ശേരിക്കു സമീപം തവനൂര്‍ റോഡില്‍ ഒന്നാംമൈലില്‍ ബിഹാര്‍ സ്വദേശിയായ അതിഥിത്തൊഴിലാളി കഴിഞ്ഞദിവസം മര്‍ദനമേറ്റുമരിച്ചത് ആള്‍ക്കൂട്ട കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു.
ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മാധവ്പുര്‍ കേഷോ സ്വദേശി രാജേഷ് മാഞ്ചി(36)യാണ് കൊല്ലപ്പെട്ടത്.
ആളുകള്‍ രണ്ടുമണിക്കൂറിലേറെ ഉപദ്രവിച്ചെന്നും അനക്കമില്ലാതായതോടെ സമീപത്തെ കവലയിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്നിടുകയായിരുന്നുവെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് മാധ്യമങ്ങളോടു പറഞ്ഞു.
സംശയാസ്പദമായ സാഹചര്യത്തില്‍ റോഡരികിലെ വീട്ടുപരിസരത്തുനിന്ന രാജേഷിനെ പിടികൂടിയ നാട്ടുകാര്‍ മോഷണക്കുറ്റം ആരോപിച്ച് അവനെ ചോദ്യംചെയ്യുകയും ക്രൂരമായി മര്‍ദ്ദിച്ച് മരണത്തിലേക്ക് തള്ളിവിടുകയുമായിരുന്നു.
തിണ്ണമിടുക്ക് കാണിക്കുന്ന ജനക്കൂട്ടത്തിന്റെ കപട സദാചാരത്തിന് ഇരയാവാനായിരുന്നു മറുനാട്ടില്‍ നിന്ന് ജീവിതം പുലര്‍ത്താനായി ഇവിടെയെത്തിയ രാജേഷിന്റെ വിധി.
മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടവിചാരണയ്ക്കു മുന്പില് തുണയ്ക്കാനാരുമില്ലാതെ നിസ്സഹായനായി രാജേഷ് നിന്നിട്ടുണ്ടാകും.
മധു കൊല്ലപ്പെട്ടിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും കേരളത്തിലെ സാമൂഹികാന്തരീക്ഷത്തിന് മാറ്റമില്ലെന്നാണ് രാജേഷിന്റെ മരണം സൂചിപ്പിക്കുന്നത്.
പ്രദേശവാസികളായ എട്ടുപേരെയാണ് ഇതുവരെ കേസില്‍ പോലീസ് അറസ്റ്റുചെയ്തത്. ഒരാള്‍ കസ്റ്റഡിയിലുമുണ്ട്. തവനൂര്‍ വരുവള്ളി പിലാക്കല്‍ മുഹമ്മദ് അഫ്സല് (34), സഹോദരങ്ങളായ ഫാസില്‍ (37), ഷറഫുദ്ദീന് (43), തവനൂര്‍ ദേവര്‍ത്തൊടി മെഹബൂബ് (32), തേര്‍ത്തൊടി അബ്ദുസമദ് (34), പേങ്ങാട്ടില്‍ നാസര്‍ (41), ചെവിട്ടാണിപ്പറമ്പ് വീട്ടില്‍ ഹബീബ് (36), കടുങ്ങല്ലൂര്‍ ചെമ്രക്കാട്ടൂര്‍ പാലത്തിങ്ങല്‍ അയ്യൂബ് (40) എന്നിവരെയാണ് അറസ്റ്റുചെയ്തത്. രാജേഷിനെ കണ്ടെത്തിയ സ്ഥലത്തെ വീട്ടുടമയും ബന്ധുക്കളുമാണ് അറസ്റ്റിലായവര്‍.
ഇവരുടെപേരില്‍ കൊലപാതകക്കുറ്റം ചുമത്തി. എട്ടുപേര്‍ക്കും കൊലപാതകത്തില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ലഹളയുണ്ടാക്കിയതിനും ഇവരുടെ പേരില്‍ കുറ്റംചുമത്തി.
മര്‍ദനത്തിന് ഐ.പി.സി. 342, കൊലപാതകത്തിന് ഐ.പി.സി. 302, തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചതിന് ഐ.പി.സി. 201 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
തവനൂര്‍ പാട്ടുകാരന് സൈനുല്‍ ആബിദ് (29) ആണ് കസ്റ്റഡിയിലുള്ളതെന്ന് പോലീസ് അറിയിച്ചു.
സ്ഥലത്തെ സി.സി.ടി.വി.യിലെ ദൃശ്യങ്ങള്‍ നശിപ്പിക്കാനും കൊല്ലപ്പെട്ടയാളിന്റെ ടീഷര്‍ട്ട് ഒളിപ്പിക്കാനും ശ്രമിച്ചതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കള്ളനെന്നുപറഞ്ഞാണ് ശനിയാഴ്ച പുലര്‍ച്ചെ ആളുകള്‍ രാജേഷിനെ മര്‍ദിച്ചത്. രാത്രി 12.15ഓടെ തുടങ്ങിയ മര്‍ദനം രണ്ടര വരെ നീണ്ടു.
പ്ലാസ്റ്റിക് പൈപ്പും മാവിന്‍കമ്പുമെല്ലാം ഉപയോഗിച്ചായിരുന്നു അടി. അനക്കമില്ലാതായ യുവാവിനെ വലിച്ചിഴച്ച് 50 മീറ്റര്‍ അകലെയുള്ള അങ്ങാടിയിലെത്തിച്ചു.
തുടര്‍ന്ന് സ്ഥലത്തെ ഒരു പൊതുപ്രവര്‍ത്തകനെ അറിയിച്ചു. അദ്ദേഹം അടുത്തുള്ള പോലീസ് ഉദ്യോഗസ്ഥനെ അറിയിച്ചു.
ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
എട്ടുപേരെയും സംഭവമറിഞ്ഞ് രണ്ടുമണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടിയിരുന്നു. ഇവരുടെ ഫോണുകളും കസ്റ്റഡിയിലെടുത്തു.
രണ്ടുപേരുടെ ഫോണുകളില്‍നിന്ന് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെ പെട്ടെന്ന് തിരിച്ചറിയാന്‍ ഇതു സഹായമായി.
കൊല്ലപ്പെട്ട രാജേഷിന്റെ ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ടെന്നും മര്‍ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്കു മാരകമായി പരിക്കേറ്റിട്ടുണ്ടാകുമെന്നുമാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു.
നേരത്തേ പട്ടാമ്പിയില്‍ ജോലിചെയ്തിരുന്ന രാജേഷ് മാഞ്ചി രണ്ടുദിവസം മുന്‍പാണ് കിഴിശ്ശേരിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്.
കോഴിഫാമിലെ ജോലിക്കായാണ് ഇവിടെ വന്നതെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായവരില്‍ അഞ്ചുപേര്‍ക്കാണ് അക്രമത്തില്‍ നേരിട്ടു പങ്ക്. ഇവരെ ഞായറാഴ്ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.
രാജേഷിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് പൈപ്പിന്റെ കഷണങ്ങളും മാവിന്റെ കമ്പ്, കൈകെട്ടാന്‍ ഉപയോഗിച്ച കയര്‍ തുടങ്ങിയവയും കണ്ടെടുത്തു. രാജേഷ് ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു. കൊണ്ടോട്ടി എ.എസ്.പി. വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് അന്വേഷണം.