മാവേലിക്കര: പന്ത്രണ്ടു വയസുകാരനെ ക്രൂരമായി മർദിച്ചതിന് രണ്ടാനച്ഛൻ അറസ്റ്റിൽ. പല്ലാരിമംഗലത്തു വാടകയ്ക്കു താമസിക്കുന്ന കൊല്ലം മരുതൂർകുളങ്ങൾ വടക്ക് മങ്ങാട്ട് തെക്കേ വീട്ടിൽ സുകുവാനന്ദൻ (30) ആണു അറസ്റ്റിലായത്.
ചവറ ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയതിനു 2022 ഓഗസ്റ്റിൽ അറസ്റ്റിലായ ആളാണ് സുകു.
സുകു ഇളയമകനെ ക്രൂരമായി മർദിക്കുന്നതു അയൽവാസികൾ തെക്കേക്കര പഞ്ചായത്തംഗം എൻ.ആർ. ഗോപകുമാറിനെ അറിയിച്ചു.
പഞ്ചായത്തംഗം നൽകിയ വിവരമറിഞ്ഞു പോലീസെത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ തനിയെ വീണതാണെന്നു കുട്ടി പറഞ്ഞു.
പിന്നീടു സാമൂഹിക പ്രവർത്തകനായ ഹരിദാസ് പല്ലാരിമംഗലം സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നു സുകുവിനോടു നിർദേശിച്ചു.
ഇതനുസരിച്ചു സുകു കുട്ടിയുമായി ജില്ലാ ആശുപത്രിയിലെത്തി. സുകുവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡോക്ടർ നടത്തിയ വിശദമായ പരിശോധനയിലാണു കുട്ടിയുടെ ശരീരത്തിൽ ക്രൂരമായ മർദനത്തിന്റെ മുറിവുകൾ കണ്ടത്.
ആശുപത്രിയിൽനിന്ന് അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് സുകുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
തലയിലും മുഖത്തും പരുക്കേറ്റ 12 വയസുകാരനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ അമ്മ സുകുവിന്റെ മർദനത്താൽ കഴിഞ്ഞദിവസം സ്വന്തം വീട്ടിലേക്കു പോയിരുന്നു.