തിരുവനന്തപുരം: ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതിലെ പ്രതിപക്ഷത്തിന്റെ അഴിമതിയാരോപണങ്ങളിൽ എക്സൈസ് മന്ത്രി ഉത്തരനേപ്പോലെ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത സിപിഎം നേതാവിന്റെ മകനാണ് ഇപ്പോൾ അനുവദിച്ച ബ്രൂവറിയുടെ പ്രോജക്ട് മാനേജർ. കിൻഫ്രയിലെ സ്ഥലം ലഭിച്ചത് ഈ സ്ഥാപനത്തിനാണെന്നും ചെന്നിത്തല ആരോപിച്ചു.
ബ്രൂവറി അഴിമതിയിൽ മന്ത്രിമാർക്കെതിരേ കേസെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ചെന്നിത്തല ഗവർണറെ കാണുകയും ചെയ്തു. എക്സൈസ് വകുപ്പ് വാര്ത്താക്കുറിപ്പിറക്കി തന്നെ അപമാനിച്ചെന്നും വകുപ്പ് സെക്രട്ടറിക്കെതിരെ പരാതി നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ഡിസ്റ്റിലറി അനുവദിക്കേണ്ടെന്ന 1999ലെ ഉത്തരവ് ഹൈക്കോടതിയും അംഗീകരിച്ചതാണ്. ഡിസ്റ്റിലറി അനുവദിക്കണമെന്ന ശ്രീചക്രയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. ആ കന്പനിക്കാണ് സർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
സർക്കാർ ഡിസ്റ്റിലറി പോലും പ്രവർത്തിപ്പിക്കാതെയാണ് രഹസ്യമായി ബ്രൂവറിക്ക് അനുമതി നൽകിയത്. നിലവിൽ കേരളത്തിനു പുറത്തുനിന്നും മദ്യം വാങ്ങേണ്ട ഒരു ആവശ്യവുമില്ല. എട്ടുശതമാനത്തിന്റെ കുറവേ ഇവിടുള്ളുവെന്നും ചെന്നിത്തല പറഞ്ഞു. പുതിയ ബ്രൂവറി അനുവദിക്കാൻ എക്സൈസ് വകുപ്പ് മേധാവി ഋഷിരാജ് സിംഗ് എങ്ങനെ അനുമതി നൽകിയെന്ന് മനസിലാകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഇ.കെ. നായനാർ സർക്കാരാണ് ബ്രൂവറികൾക്ക് അനുമതി നൽകിയത്. പിന്നീട് അതിന്റെ സ്വാഭാവിക നടപടികൾ മാത്രമാണ് എ.കെ. ആന്റണി സർക്കാരിന്റെ കാലത്തുണ്ടായത്. എന്നാൽ ഇക്കാര്യം ആന്റണിയുടെ തലയിൽകെട്ടിവച്ച് രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കുന്നത്. ചാരായം നിരോധിച്ച ആന്റണി ബ്രൂവറിക്ക് അനുമതി നൽകുമോയെന്ന് ആരെങ്കിലും ചിന്തിക്കുമോയെന്നും ചെന്നിത്തല ചോദിച്ചു.