കോഴിക്കോട്: ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളിൽ എക്സൈസ് മന്ത്രിക്ക് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിൻഫ്രപാർക്കിൽ ബ്രൂവറിക്കായി ഭൂമി അനുവദിച്ചതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ചെന്നിത്തല ആവർത്തിച്ചു.
സ്വകാര്യ കന്പനികൾക്ക് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രൂവറി അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കണം. മുൻ മുഖ്യമന്ത്രിമാരായ നായനാരും അച്യുതാനന്ദനും ചെയ്യാത്തതാണ് പിണറായി സർക്കാർ രഹസ്യമായി ചെയ്തതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മദ്യനയത്തിലും എൽഡിഎഫ് പ്രകടന പത്രികയിലും ഇല്ലാത്ത കാര്യമാണ് ബ്രൂവറികൾ. സർക്കാർ ഉത്തരവിന്റെ പകർപ്പ് പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അഴിമതിയിൽ വ്യവസായ വകുപ്പിനും പങ്കുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.